Quantcast

അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി; കെജ്‌രിവാളിനും എ.എ.പിക്കും മുന്നിൽ ഇനിയെന്ത്?

കഴിഞ്ഞ ജനുവരിയിലാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിലേക്കു പോകുമെന്ന് ഉറപ്പായതോടെ അധികാരമൊഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം ചംപയ് സോറനെ ഏൽപിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Shaheer

  • Published:

    21 March 2024 7:48 PM GMT

Kejriwal was remanded in ED custody till March 28
X

അരവിന്ദ് കെജ്‍രിവാള്‍

ന്യൂഡൽഹി: രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് പ്രതിപക്ഷത്തെ കരുത്തനായൊരു നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി ഏറെനാളായി ഭയന്നത് ഒടുവിൽ സംഭവിച്ചിരിക്കുന്നു. അരവിന്ദ് കെജ്‌രിവാൾ എന്ന ഡൽഹി മുഖ്യമന്ത്രിയെ തന്നെ ഇ.ഡി അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇതാദ്യമായാണൊരു മുഖ്യമന്ത്രി അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിലേക്കു പോകുമെന്ന് ഉറപ്പായതോടെ അധികാരമൊഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം ചംപയ് സോറനെ ഏൽപിക്കുകയായിരുന്നു അദ്ദേഹം. പിന്നാലെ അറസ്റ്റിലാകുകയും ചെയ്തു.

ജയിലിൽ കിടന്ന മുഖ്യമന്ത്രിമാർ

ജയിൽവാസം അനുഭവിക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രിമാർ നിരവധിയുണ്ട് രാജ്യത്ത്. ഹേമന്ത് സോറനു പുറമെ ജയലളിത, ലാലുപ്രസാദ് യാദവ്, മധു കോഡ, ചന്ദ്രബാബു നായിഡു, ഒംപ്രകാശ് ചൗട്ടാല എന്നിങ്ങനെ പ്രമുഖരുടെ ഒരു നിര തന്നെയുണ്ട് അക്കൂട്ടത്തിൽ.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ജനുവരി 31ന് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. 2014ൽ അനധികൃത സ്വത്തുസമ്പാദന കേസിൽ അന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കുറ്റക്കാരിയാണെന്ന് ബംഗളൂരു കോടതിയുടെ വിധിവന്നു. പിന്നാലെ അധികാരമൊഴിഞ്ഞ് ഒ പന്നീർശെൽവത്തെ സ്ഥാനമേൽപ്പിച്ചു അവർ. ജയലളിത നാടകീയമായി അറസ്റ്റിലാകുന്നതിനും ജയിലിലേക്കു നടന്നുപോകുന്നതിനും തമിഴ്നാട് സാക്ഷിയായി.

1977ൽ കാലിത്തീറ്റ കുംഭകോണത്തിലാണ് ആർ.ജെ.ഡി ആചാര്യൻ ലാലുപ്രസാദ് യാദവിന് അടിതെറ്റിയത്. സി.ബി.ഐ കുറ്റപത്രത്തിനു പിന്നാലെ സ്ഥാനമൊഴിയാൻ നിർബന്ധിതനായി ലാലു. ഭാര്യ റാബ്രി ദേവിയെയാണ് അന്ന് അദ്ദേഹം പകരം മുഖ്യമന്ത്രിസ്ഥാനം ഏൽപിച്ചത്.

കോൺഗ്രസ് നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ മധു കോഡ കൽക്കരി, ഖനി വ്യവസായികളിൽനിന്നു കോഴ വാങ്ങിയെന്ന കേസിലാണ് സ്ഥാനമൊഴിയേണ്ടിവന്നത്. 2009ലായിരുന്നു ഇ.ഡിയുടെ അറസ്റ്റ്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോടികളുടെ അഴിമതിക്കേസിൽ 2023ലും അറസ്റ്റിലായി. ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാലയ്ക്കു തിരിച്ചടിയായത് 1999ലെ ഭരണകാലത്തെ അനധികൃത സ്വത്തുസമ്പാദനം. 2022ലാണു കുറ്റക്കാരനെന്നു കണ്ടെത്തി അറസ്റ്റിലാകുന്നത്.

കെജ്‌രിവാളിനെയും എ.എ.പിയെയും കുരുക്കിലാക്കിയ മദ്യനയ അഴിമതി

2021 നവംബർ 17ലാണ് ഡൽഹി പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത്. എന്നാൽ, അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് അന്നത്തെ ലഫ്. ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടു. മദ്യനയത്തിൽ കോടികളുടെ അഴിമതി നടന്നതായുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് 2022 ജൂലൈയിൽ പുറത്തുവന്നു. ഇതോടെ ജൂലൈ 31ന് മദ്യനയം പിൻവലിക്കുകയും ചെയ്തു.

ഇതിനു പിന്നാലെയായിരുന്നു ഡൽഹി സർക്കാരിനെയും എ.എ.പി നേതാക്കളെയും ലക്ഷ്യമിട്ടുള്ള കേന്ദ്ര ഏജൻസികളുടെ വേട്ട ആരംഭിച്ചത്. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേസെടുത്തായിരുന്നു തുടക്കം. 2022 ഒക്ടോബറിൽ സിസോദിയയെ സി.ബി.ഐ ചോദ്യംചെയ്യുകയും 2023 ഫെബ്രുവരി 26ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. മാർച്ചിൽ ഇ.ഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇതേ മാർച്ചിലാണ് മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിതയിലേക്ക് അന്വേഷണം നീളുന്നത്. 2024 മാർച്ച് 15ന് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തു.

ഇതിനിടയിൽ അരവിന്ദ് കെജ്‌രിവാളിലേക്കും കേന്ദ്ര ഏജൻസികളുടെ അന്വേഷണമെത്തി. കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്തു. 2023 ഒക്ടോബർ തുടക്കത്തിൽ എ.എ.പി എം.പി സഞ്ജയ് സിങ് അറസ്റ്റിലായി.

2023 ഒക്ടോബർ 30ന് കെജ്‌രിവാളിന് ആദ്യ ഇ.ഡി സമൻസ് ലഭിച്ചു. തുടർന്നങ്ങോട്ട് ഇന്നു വരെയായി ഒൻപതു സമൻസുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. പലതരം കാരണങ്ങൾ പറഞ്ഞ് ഒറ്റ തവണയും കെജ്‌രിവാൾ ഇ.ഡിക്കു മുന്നിൽ ഹാജരായില്ല. അറസ്റ്റ് നേരിടേണ്ടിവരുമെന്ന ഭയം തന്നെയായിരുന്നു മുന്നിൽ. ഒടുവിൽ ഇ.ഡിയുടെ അവസാനനീക്കത്തിനുമുൻപ് അദ്ദേഹം ഇന്ന് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, അറസ്റ്റിൽനിന്ന് സംരക്ഷണം നൽകാനാകില്ലെന്നു കോടതി വ്യക്തമാക്കി. പിന്നാലെ, എട്ടംഗ ഇ.ഡി സംഘം വൈകീട്ടോടെ ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലെത്തി.

രണ്ടു മണിക്കൂർ നീണ്ട റെയ്ഡിനും ചോദ്യംചെയ്യലിനുമൊടുവിൽ അദ്ദേഹം ഭയന്നതു തന്നെ നടന്നു. 21നു രാത്രി ഒൻപതു മണിയോടെ ഇ.ഡി കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാജ്യതലസ്ഥാനത്തും രാജ്യമൊട്ടുക്കും വലിയ പ്രതിഷേധത്തിലേക്കു പോയ രാത്രിയിൽ അടിയന്തര വാദം തേടി ആം ആദ്മി പാർട്ടി സുപ്രിംകോടതിയുടെ പടിവാതിൽക്കലുമെത്തി. സുപ്രിംകോടതി രജിസ്ട്രാറെയാണ് എ.എ.പി ഇന്നു രാത്രി തന്നെ വാദംകൾക്കണമെന്ന് ആവശ്യപ്പെട്ടു സമീപിച്ചത്. എന്നാൽ, ഈ പാതിരാത്രിയിൽ വാദംകേൾക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കുകയായിരുന്നു. നാളെ എ.എ.പി ഹരജി കോടതിയിൽ തുടക്കത്തിൽ തന്നെ മെൻഷൻ ചെയ്യാമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Summary: Arvind Kejriwal becomes India's first incumbent Chief Minister to be arrested

TAGS :

Next Story