ഗോവയിലും എ.എ.പിക്ക് അംഗീകാരം; ദേശീയ പാര്‍ട്ടി പദവി കയ്യെത്തുംദൂരത്തെന്ന് കെജ്‍രിവാള്‍
പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തെ കെജ്‍രിവാള്‍ അഭിനന്ദിച്ചു
ഡല്‍ഹി: ഒരു സംസ്ഥാനത്തു കൂടി അംഗീകാരം ലഭിച്ചാൽ ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ പാർട്ടിയാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഗോവയിൽ എ.എ.പിയെ സംസ്ഥാന പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിനു പിന്നാലെയാണ് അരവിന്ദ് കെജ്‍രിവാള്‍ ഇക്കാര്യം പ്രവര്‍ത്തകരെ അറിയിച്ചത്.
'ഡൽഹിക്കും പഞ്ചാബിനും ശേഷം ഗോവയിലും എ.എ.പി അംഗീകൃത പാർട്ടിയായി. ഒരു സംസ്ഥാനത്തുകൂടി അംഗീകാരം ലഭിച്ചാൽ നമ്മൾ ഔദ്യോഗികമായി 'ദേശീയ പാർട്ടി'യായി പ്രഖ്യാപിക്കപ്പെടും. എല്ലാ പാർട്ടി പ്രവർത്തകരുടെയും കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. എ.എ.പിയിലും പാർട്ടിയുടെ പ്രത്യയ ശാസ്ത്രത്തിലും വിശ്വാസം അർപ്പിച്ച ജനങ്ങളോടും നന്ദി പറയുന്നു'- കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.
ദേശീയ പാർട്ടി പദവി ലഭിക്കുന്നതിന്, ചില മാനദണ്ഡങ്ങള്‍ പാലിക്കണം. ഏതെങ്കിലും നാല് സംസ്ഥാനങ്ങളില്‍ ഏറ്റവും ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6 ശതമാനം വോട്ട് വിഹിതവും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 4 സീറ്റുകളും നേടണം. അല്ലെങ്കില്‍ കുറഞ്ഞത് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി എന്ന അംഗീകാരം നേടണം.
ജൻ ലോക്പാൽ പ്രസ്ഥാനത്തിന് തൊട്ടുപിന്നാലെ 2012ലാണ് എ.എ.പി സ്ഥാപിതമായത്. 2013ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. അഴിമതി വിരുദ്ധ ജൻ ലോക്പാൽ ബിൽ പാസാക്കാൻ കഴിയാതെ 49 ദിവസത്തിനുള്ളിൽ സർക്കാർ രാജിവച്ചു. 2015ലെ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയത്തോടെ ആം ആദ്മി പാർട്ടി അധികാരത്തിൽ തിരിച്ചെത്തി. 2020ലും വിജയം ആവര്‍ത്തിച്ചു.
നിലവില്‍ പഞ്ചാബ് ഭരിക്കുന്നതും എഎപിയാണ്. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് എ.എ.പി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
Adjust Story Font
16