Quantcast

'25 സീറ്റുകളുള്ള രാജസ്ഥാനിൽ ബിജെപിക്ക് 33 സീറ്റ്'; എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യാജമെന്ന് കെജ്‌രിവാൾ

തിഹാർ ജയിലിൽ കീഴടങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജൂൺ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

MediaOne Logo

Web Desk

  • Published:

    2 Jun 2024 1:38 PM GMT

arvind kejriwal
X

ഡൽഹി: തിഹാർ ജയിലിൽ കീഴടങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജൂൺ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അപേക്ഷ നൽകിയെങ്കിലും കെജ്‌രിവാൾ ഇടക്കാല ജാമ്യത്തിലായതിനാൽ അപേക്ഷ തീർപ്പാക്കുകയായിരുന്നു. എന്നാൽ, കീഴടങ്ങിയതിന് ശേഷം, റോസ് അവന്യൂ കോടതിയിലെ ഡ്യൂട്ടി ജഡ്ജി അപേക്ഷ സ്വീകരിച്ച് ജൂൺ 5 വരെ കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കീഴടങ്ങിയതിന് ശേഷം ജയിൽ ഉദ്യോഗസ്ഥർ കെജ്‌രിവാളിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. വൈദ്യപരിശോധനയ്ക്കിടെ അദ്ദേഹത്തിൻ്റെ ഷുഗർ, രക്തസമ്മർദ്ദം എന്നിവയുടെ അളവും ജയിൽ അധികൃതർ രേഖപ്പെടുത്തും. കീഴടങ്ങുന്നതിന് മുൻപ്, കെജ്‌രിവാൾ രാജ് ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിക്കുകയും ചെയ്തു. പാർട്ടി ഓഫീസിൽ എഎപി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത ശേഷമാണ് അദ്ദേഹം തീഹാറിലേക്ക് മടങ്ങിയത്.

തന്റെ ജീവിതം രാജ്യത്തിന് വേണ്ടിയുള്ളതാണ്. പ്രചാരണത്തിന് ഇറങ്ങിയത് രാജ്യത്തെ രക്ഷിക്കാനാണെന്നും കൈജ്‌രിവാൾ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. 'പാർട്ടിയേക്കാൾ മുകളിലാണ് രാജ്യം. രാജ്യത്തെ ഏകാധിപത്യം അവസാനിപ്പിക്കണം. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോളുകൾ കളവാണ്. വിവിപാറ്റുമായി വോട്ടുകൾ ഒത്തുനോക്കണം. കൗണ്ടിങ് ഏജന്റുമാർ പ്രത്യേകം ശ്രദ്ധിക്കണം.' - അദ്ദേഹം പറഞ്ഞു. എന്ന് തിരിച്ചുവരുമെന്ന് അറിയില്ല. അഴിമതിപ്പണം എവിടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയണമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന് വൻ വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ കെജ്‌രിവാൾ തള്ളി. ഈ എക്‌സിറ്റ് പോളുകളെല്ലാം വ്യാജമാണ്. ഒരു എക്‌സിറ്റ് പോൾ രാജസ്ഥാനിൽ ബിജെപിക്ക് 33 സീറ്റുകൾ നൽകി, അവിടെ 25 സീറ്റുകൾ മാത്രമേയുള്ളൂ. വോട്ടെണ്ണലിൻ്റെ 3 ദിവസം മുമ്പ് അവർക്ക് എന്തുകൊണ്ട് വ്യാജ എക്‌സിറ്റ് പോൾ നടത്തേണ്ടിവന്നു എന്നതാണ് യഥാർത്ഥ വിഷയം. ബിജെപി ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

TAGS :

Next Story