ഇ.ഡിയുടെ ഏഴാമത്തെ സമൻസും തള്ളി കെജ്‌രിവാൾ; ചോദ്യം ചെയ്യലിന് ഹാജരാകില്ല
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ സമൻസുകളും നിയമവിരുദ്ധമെന്ന് പറഞ്ഞുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി ഒഴിവാക്കിയത്.
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഏഴാം തവണയാണ് ഇ.ഡി കെജ്‌രിവാളിന് സമൻസ് അയക്കുന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. കേന്ദ്രസർക്കാർ സമ്മർദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഒരു കാരണവശാലും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി വിടില്ലെന്നും എ.എ.പി നേതാക്കൾ വ്യക്തമാക്കിയിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ സമൻസുകളും നിയമവിരുദ്ധമെന്ന് പറഞ്ഞുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി ഒഴിവാക്കിയത്. ഏഴാമത്തെ സമൻസ് കൂടാതെ, ഫെബ്രുവരി 14, ഫെബ്രുവരി രണ്ട്, ജനുവരി 18, ജനുവരി മൂന്ന്, 2023 ഡിസംബർ 22, നവംബർ രണ്ട് തീയതികളിലാണ് നേരത്തെ ഇഡി സമൻസ് നൽകിയത്. ഫെബ്രുവരി 17ന്, എക്‌സൈസ് പോളിസി കേസിൽ അഞ്ച് സമൻസുകൾ ഒഴിവാക്കിയതിന് ഇ.ഡിയുടെ പരാതിയുമായി ബന്ധപ്പെട്ട് മാർച്ച് 16ന് നേരിട്ട് ഹാജരാകാൻ ഡൽഹി കോടതി കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സി.ബി.ഐ നൽകിയ നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളുമായ കെ കവിത സി.ബി.ഐക്ക് കത്ത് നൽകി. തിങ്കളാഴ്ച ഡൽഹിയിൽ സിബിഐ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കവിത കത്ത് നൽകിയത്. പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തെലങ്കാനയിൽ തന്റെ വ്യക്തിപരമായ സാന്നിധ്യം ആവശ്യമാണെന്നാണ് കവിത കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
Adjust Story Font
16