അരവിന്ദ് കെജ്‌രിവാൾ രാജ്യസഭയിലേക്ക്? നീക്കങ്ങൾ സജീവം; റിപ്പോർട്ടുകൾ തള്ളി പാർട്ടി
ആം ആദ്മി പാർട്ടിയുടെ ഡൽഹിയിൽ ചേർന്ന യോഗത്തിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെ പാര്‍ലമെന്റിലേക്ക് എത്തിക്കാന്‍ നീക്കങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജീവ് അറോറ മത്സരിക്കും. ഉപതെരഞ്ഞെടുപ്പിൽ സഞ്ജീവ് അറോറ വിജയിച്ചാൽ അദ്ദേഹം എംപി സ്ഥാനം രാജിവെക്കേണ്ടിവരും. ഈ ഒഴിവിലൂടെ കെജ്‌രിവാളിനെ എത്തിക്കാനാണ് നീക്കം. എന്നാല്‍ വാര്‍ത്തകള്‍ എഎപി നിഷേധിച്ചിട്ടുണ്ട്.
ആം ആദ്മി പാർട്ടിയുടെ ഡൽഹിയിൽ ചേർന്ന യോഗത്തിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, സഞ്ജീവ് അറോറക്ക് പഞ്ചാബില്‍ മന്ത്രിസ്ഥാനവും കെജ്‌രിവാള്‍ ഓഫര്‍ ചെയ്തിട്ടുള്ളതായി എഎപി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യവസായി കൂടിയായ അറോറയെ 2022ലാണ് പഞ്ചാബില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. 2028വരെ അദ്ദേഹത്തിന് കാലവധിയുണ്ട്.
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതിനെ തുടര്‍ന്നാണ് ലുധിയാന വെസ്റ്റിലെ എംഎല്‍എ ആയിരുന്ന ഗുർപ്രീത് ഗോഗി മരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. ഇതോടെയാണ് സീറ്റ് ഒഴിഞ്ഞുകിടുക്കുന്നത്.
അതേസമയം ലുധിയാന വെസ്റ്റിൽ മത്സരിക്കാന്‍ തന്നെ പരിഗണിക്കുന്നതില്‍ അറോറ നന്ദി പറഞ്ഞു. എന്നാല്‍ സീറ്റ് ഒഴിയുന്നത് കെജ്‌രിവാളിന് വേണ്ടിയാണോ എന്നൊന്നും അദ്ദേഹം വ്യക്തമാക്കിയില്ല. നേരത്തെ, കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ചിരിച്ചുതള്ളുന്നുവെന്നായിരുന്നു ഭഗവന്ത് മാനിന്റെ പ്രതികരണം.
Adjust Story Font
16