കപ്പലിലെ ലഹരിപ്പാര്‍ട്ടി: മലയാളിയായ ശ്രേയസ് നായര്‍ ആര്യന്‍റെ സുഹൃത്ത്, ലഹരിക്കടത്തില്‍ പ്രധാനിയെന്ന് എന്‍സിബി
ആഡംബര കപ്പലിലെ 25 യാത്രക്കാര്‍ക്ക് ശ്രേയസ് നായര്‍ ലഹരി കൈമാറിയെയാണ് സൂചന
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ പിടിയിലായ മലയാളി ശ്രേയസ് നായരെ ആര്യൻ ഖാന്‍റെ ഒപ്പമിരുത്തി ചോദ്യംചെയ്യും. അറസ്റ്റിലായ മലയാളി ശ്രേയസ് നായർ ലഹരിക്കടത്ത് രംഗത്തെ പ്രധാനിയാണെന്ന് എൻസിബി പറഞ്ഞു. ശ്രേയസ് ആര്യന്‍റെ സുഹൃത്താണ്. ലഹരി ഇടപാടുകൾക്ക് വാട്ട്സ് ആപ്പ് ചാറ്റിൽ കോഡ് ഭാഷ ഉപയോഗിച്ചു. ക്രിപ്റ്റോ കറൻസി വഴിയാണ് ഇടപാട് നടത്തിയതെന്നും എന്‍സിബി പറയുന്നു.
മുംബൈ കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. ലഹരിക്കടത്ത് കേസിൽ പിടിയിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ, ഗോവ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയുടെ അന്വേഷണം. പാർട്ടി നടന്ന ആഡംബര കപ്പലിലും പരിശോധന തുടരുകയാണ്.
ആഡംബര കപ്പലിലെ 25 യാത്രക്കാര്‍ക്ക് ശ്രേയസ് നായര്‍ ലഹരി കൈമാറിയെയാണ് സൂചന. ഓൺലൈൻ വഴി രഹസ്യമായി ഓർഡർ സ്വീകരിച്ച ശേഷം ക്രിപ്റ്റോ കറൻസി വഴിയാണ് പണം വാങ്ങിയിരുന്നതെന്ന് എൻസിബിക്ക് വിവരം ലഭിച്ചു. മറ്റു സംസ്ഥാനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് എൻസിബിയുടെ തീരുമാനം.
ശനിയാഴ്ച രാത്രിയാണ് കോർഡിലിയ ക്രൂയിസിൽ നടന്ന ലഹരിപ്പാർട്ടിയിൽ എൻ.സി.ബി റെയ്ഡ് നടത്തി ആര്യൻ ഖാനടക്കമുള്ളവരെ അറസ്റ്റ് ചെയതത്. കൊക്കൈയ്ൻ, ഹഷീഷ്, എം.ഡി.എം.എ എന്നിവയാണ് കപ്പലിലെ റെയ്ഡില്‍ കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായ ആര്യനടക്കമുള്ളവരെ ഒക്‌ടോബർ ഏഴു വരെ കോടതി എൻ.സി.ബി കസ്റ്റഡിയിൽ വിട്ടു. ആര്യനെ പരിപാടിയിലേക്ക് ആരാണ് ക്ഷണിച്ചതെന്നും മയക്കുമരുന്നിന് പണം മുടക്കിയതാരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻ.സി.ബി.
Adjust Story Font
16