ഭരണം പിടിച്ചാൽ രണ്ട് മുഖ്യമന്ത്രി; മായാവതിയുടെ പഴയ വിശ്വസ്തനെ കൂട്ടുപിടിച്ച് 'മൂന്നാം മുന്നണി' പ്രഖ്യാപിച്ച് ഉവൈസി
മുഖ്യമന്ത്രിമാരിൽ ഒരാൾ ദലിത് വിഭാഗത്തിൽനിന്നും മറ്റൊരാൾ ഒബിസി വിഭാഗത്തിൽനിന്നുമായിരിക്കും. മൂന്ന് ഉപമുഖ്യമന്ത്രിമാരും മുസ്‍ലിംകളായിരിക്കുമെന്നും ഉവൈസി പ്രഖ്യാപിച്ചു
ബിഎസ്പി നേതാവ് മായാവതിയുടെ ഉറ്റ വിശ്വസ്തനായിരുന്ന മുൻ മന്ത്രി ബാബു സിങ് ഖുഷ്‌വാഹയെ കൂട്ടുപിടിച്ച് യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ മുന്നണി പ്രഖ്യാപിച്ച് അസദുദ്ദീൻ ഉവൈസി. കുഷ്‌വാഹയുടെ ജൻ അധികാർ പാർട്ടിയും ഭാരത് മുക്തി മോർച്ചയും ചേർന്നാണ് ഭാഗീധരി പരിവർത്തൻ മോർച്ച എന്ന പേരിൽ ഉവൈസി 'മൂന്നാം മുന്നണി' രൂപീകരിച്ചത്.
തെരഞ്ഞെടുപ്പിൽ മുന്നണി വിജയം നേടിയാൽ രണ്ട് മുഖ്യമന്ത്രിമാരും മൂന്ന് ഉപമുഖ്യമന്ത്രിമാരുമടങ്ങുന്ന സർക്കാരായിരിക്കും നിലവിൽ വരികയെന്നാണ് ഉവൈസി അറിയിച്ചത്. മുഖ്യമന്ത്രിമാരിൽ ഒരാൾ ദലിത് വിഭാഗത്തിൽനിന്നും മറ്റൊരാൾ ഒബിസി വിഭാഗത്തിൽനിന്നുമായിരിക്കും. മൂന്ന് ഉപമുഖ്യമന്ത്രിമാരും മുസ്‍ലിംകളായിരിക്കുമെന്നും മുന്നണി പ്രഖ്യാപനത്തിനിടെ ഉവൈസി വെളിപ്പെടുത്തി. 403 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും പ്രഖ്യാപനമുണ്ട്.
ബിഎസ്‍പിയിൽനിന്ന് ബിജെപി വഴി വരുന്ന ഖുഷ്‌വാഹ; തൊഴിലാളി നേതാവ് വാമൻ
മായാവതിക്കുശേഷം ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി)യിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു ബാബു സിങ് ഖുഷ്‌വാഹ. രണ്ടു തവണ മായാവതി മന്ത്രിസഭയിൽ കുടുംബക്ഷേമ മന്ത്രിയായിരുന്നു. പിന്നീട് പാർട്ടി വിട്ട ഇദ്ദേഹം ബിജെപിയിൽ ചേക്കേറി. വിനയ് കത്യാർ അടക്കമുള്ള മുതിർന്ന ബിജെപി നേതൃത്വത്തിൽനിന്നാണ് അംഗത്വം സ്വീകരിച്ചത്.
പിന്നീട് ബിജെപിയിൽനിന്നും രാജിവച്ച ഖുഷ്‌വാഹ ജൻ അധികാർ പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കുകയായിരുന്നു. പരിവർത്തൻ മോർച്ചയും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്നാണ് ഖുഷ്‌വാഹ പ്രതികരിച്ചത്.
സാമൂഹിക പ്രവർത്തകനായ വാമൻ മെശ്രാമാണ് ഭാരത് മുക്തി മോർച്ച നേതാവ്. ന്യൂനപക്ഷ, പിന്നാക്ക തൊഴിലാളികളുടെ സംഘടനയായ ബിഎഎംസിഇഎഫ് ദേശീയ പ്രസിഡന്റാണ് വാമൻ. ചെറുകിട കക്ഷികൾ മുന്നണിയിൽ ചേരാനായി തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സമാനമനസ്‌കർക്കുമുൻപിൽ തങ്ങളുടെ വാതിൽ തുറന്നുകിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ എസ്പിയുമായും ഓംപ്രകാശ് രാജ്ബറുമായും ചേർന്ന് ഉവൈസി സഖ്യനീക്കം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. അഖിലേഷ് യാദവ് അനുകൂല നിലപാട് സ്വീകരിക്കാത്തതായിരുന്നു നീക്കം പരാജയപ്പെടാൻ കാരണം.
Summary: All India Majlis-e-Ittehadul Muslimeen president Asaduddin Owaisi announced his alliance, called the 'Bhagidari Parivartan Morcha', in Uttar Pradesh with Babu Singh Kushwaha and Bharat Mukti Morcha.
Adjust Story Font
16