Quantcast

'വയനാട്ടല്ല, ഹൈദരാബാദിൽ എനിക്കെതിരെ മത്സരിക്കൂ'; രാഹുലിനെ വെല്ലുവിളിച്ച് ഉവൈസി

ഉവൈസിയെയും കെ.സി.ആറിനെയും മോദി സ്വന്തക്കാരായാണു കാണുന്നതെന്ന് രാഹുൽ നേരത്തെ ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    25 Sep 2023 2:30 AM GMT

വയനാട്ടല്ല, ഹൈദരാബാദിൽ എനിക്കെതിരെ മത്സരിക്കൂ; രാഹുലിനെ വെല്ലുവിളിച്ച് ഉവൈസി
X

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഹൈദരാബാദിൽ മത്സരിക്കാൻ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി എം.പി. വയനാട്ടല്ല, ഹൈദരാബാദിൽ എനിക്കെതിരെ മത്സരിക്കൂ. വലിയ പ്രസ്താവന നടത്തുന്നതിനു പകരം നാട്ടിലിറങ്ങണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

''വയനാടിനു പകരം ഹൈദരാബാദിൽ മത്സരിക്കാൻ നിങ്ങളുടെ നേതാവിനെ(രാഹുൽ) വെല്ലുവിളിക്കുകയാണ്. സ്ഥിരം വലിയ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുകയാണ് താങ്കൾ. കോൺഗ്രസിലുള്ളവർ പലതും പറയും. പക്ഷെ, ഞാൻ ഒരുക്കമാണ്. ബാബരി മസ്ജിദും സെക്രട്ടറിയേറ്റ് പള്ളിയുമെല്ലാം തകർക്കപ്പെട്ടത് കോൺഗ്രസ് ഭരണകാലത്താണ്''-ഹൈദരാബാദിൽ നടന്ന പാർട്ടി പരിപാടിയിൽ ഉവൈസി ചൂണ്ടിക്കാട്ടി.

ഈ മാസം ആദ്യത്തിൽ തെലങ്കാനയിലെ തുക്കുഗുഡയിൽ നടന്ന പരിപാടിയിൽ ഉവൈസിക്കും എ.ഐ.എം.ഐ.എമ്മിനും എതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയിരുന്നത്. ബി.ജെ.പിയും ബി.ആർ.എസ്സും എ.ഐ.എം.ഐ.എമ്മും ഒറ്റക്കെട്ടായാണ് തെലങ്കാനയിൽ പ്രവർത്തിക്കുന്നതെന്നായിരുന്നു രാഹുലിന്റെ വിമർശനം. ഈ ത്രയത്തിനെതിരെയാണ് കോൺഗ്രസ് പോരാടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവർ വെവ്വേറെ പാർട്ടികളാണെന്നാകും പറയുന്നത്. എന്നാൽ, അവർ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനും എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസിക്കുമെതിരെ ഇ.ഡി-സി.ബി.ഐ കേസുകൾ വരാത്തത് പ്രധാനമന്ത്രി മോദി അവരെ സ്വന്തക്കാരായി കരുതുന്നതുകൊണ്ടാണെന്നും രാഹുൽ പ്രസംഗത്തിൽ ആരോപിച്ചിരുന്നു.

ഈ വർഷം അവസാനത്തിൽ തെലങ്കാനയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമാന പോരാട്ടമായാണ് ഓരോ പാർട്ടിയും കാണുന്നത്. ബി.ആർ.എസ്സിനൊപ്പം എ.ഐ.എം.ഐ.എം ഭരണം നിലനിർത്താൻ പോരാടുമ്പോൾ പഴയ പ്രതാപം തിരിച്ചുപിടിച്ച് അധികാരത്തിൽ തിരിച്ചെത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കോൺഗ്രസ്. ബി.ജെ.പിയുടെ ദക്ഷിണേന്ത്യൻ പദ്ധതികളിലെ പ്രധാന നോട്ടങ്ങളിലൊന്നുമാണ് സംസ്ഥാനമെന്നതും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് പോരിനെ കൂടുതൽ ദേശീയശ്രദ്ധയിലെത്തിക്കുമെന്നുറപ്പാണ്.

Summary: Asaduddin Owaisi challenges Rahul Gandhi to contest elections from Hyderabad

TAGS :

Next Story