'2002 മുതൽ മോദിയുടെ ഗ്യാരന്റി: മുസ്‌ലിംകളെ അധിക്ഷേപിക്കുക, വോട്ട് പിടിക്കുക'; വിമർശിച്ച് ഉവൈസി
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസും സി.പി.എമ്മും
അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: വിദ്വേഷ പ്രസംഗ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. മുസ്‌ലിംകളെ അധിക്ഷേപിക്കുക, വോട്ട് പിടിക്കുക എന്നതാണ് 2002 മുതൽ മോദിയുടെ ഗ്യാരന്റിയെന്ന് ഉവൈസി വിമർശിച്ചു. മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികളുള്ളവരെന്നും പറഞ്ഞ് അധിക്ഷേപിച്ചിരിക്കുകയാണ് മോദിയെന്നും അദ്ദേഹം വിമർശിച്ചു.
എക്‌സിലൂടെയാണ് ഉവൈസിയുടെ പ്രതികരണം. ''മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികളുള്ളവരുമെന്നാണ് ഇന്ന് മോദി വിളിച്ചിരിക്കുന്നത്. മുസ്‌ലിംകളെ അധിക്ഷേപിച്ച് വോട്ടുപിടിക്കുക എന്നതാണ് 2002 മുതൽ ഇതുവരെ മോദിയുടെ ഗ്യാരന്റി. രാജ്യത്തെ സമ്പത്തിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, മോദി ഭരണത്തിൽ ഇന്ത്യയുടെ സമ്പത്തിന്റെ ആദ്യാവകാശം അദ്ദേഹത്തിന്റെ സമ്പന്നരായ സുഹൃത്തുക്കൾക്കാണെന്നു വ്യക്തമാണ്. ഒരു ശതമാനം ഇന്ത്യക്കാരാണ് രാജ്യത്തെ 40 ശതമാനം സമ്പത്തും കൈയടക്കിവച്ചിരിക്കുന്നത്. തങ്ങളുടെ സ്വത്തുക്കൾ മറ്റുപലരെയും സമ്പന്നരാക്കാൻ ഉപയോഗിക്കുമ്പോഴാണ് സാധാരണ ഹിന്ദുക്കളെ മുസ്‌ലിംകളെ കാണിച്ചു പേടിപ്പിക്കുന്നത്''-ഉവൈസി പറഞ്ഞു.
ഇന്നലെ രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മൻമോഹൻ സിങ്ങിന്റെ പഴയ പ്രസംഗം വളച്ചൊടിച്ച് മോദിയുടെ പ്രസംഗം. കോൺഗ്രസ് പ്രകടനപത്രികയുടെ പേരിൽ കള്ളങ്ങൾ എഴുന്നള്ളിക്കുകയും ചെയ്തു മോദി. മുസ്‌ലിം വിദ്വേഷം ഉണർത്തുന്ന തരത്തിൽ ആപൽക്കരമായ പരാമർശങ്ങളും ഇതോടൊപ്പം നടത്തി.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ സമ്പത്ത് മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുണ്ടാക്കുന്നവർക്കും നൽകുമെന്നായിരുന്നു മോദിയുടെ 'മുന്നറിയിപ്പ്'. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്നു പറഞ്ഞായിരുന്നു ഇത്തരമൊരു പരാമർശം. സ്ത്രീകളുടെയെല്ലാം സ്വർണാഭരണങ്ങളുടെ കണക്കെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി കള്ളംപറഞ്ഞു. അധ്വാനിച്ചുണ്ടാക്കിയ നിങ്ങളുടെ സമ്പാദ്യമെല്ലാം നുഴഞ്ഞുകഴക്കറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകണോ എന്ന് ആൾക്കൂട്ടത്തോട് ചോദ്യമെറിയുകയും ചെയ്തു മോദി.
''അവർ(കോൺഗ്രസ്) മുൻപ് അധികാരത്തിലുണ്ടായിരുന്നപ്പോൾ രാജ്യത്തിന്റെ സ്വത്തുക്കളുടെ പ്രഥമാവകാശികൾ മുസ്‌ലിംകളാണെന്നാണവർ പറഞ്ഞത്. സമ്പത്തെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നല്ലേ അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?''-പ്രസംഗത്തിൽ മോദി ചോദിച്ചു.
അമ്മമാരുടെയും പെൺമക്കളുടെയും സ്വർണാഭരണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് സർക്കാർ പറഞ്ഞത്. എന്റെ അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ മംഗലസൂത്രയെ(താലിമാല) പോലും ഈ അർബൻ നക്‌സലുകൾ വെറുതെവിടില്ലെന്നും മോദി പ്രസംഗത്തിൽ തുടർന്നു.
പ്രസംഗത്തിനെതിരെ രാജ്യവ്യാപകമായി വൻ വിമർശനമാണ് ഉയരുന്നത്. കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകും. കമ്മിഷന്റെ ഇ-മെയിലിലേക്കും പരാതികൾ പ്രവഹിക്കുകയാണ്.
Summary: ''Since 2002 till this day, the only Modi guarantee has been to abuse Muslims and get votes'': Asaduddin Owaisi in Narendra Modi's hate speech
Adjust Story Font
16