കെ.സി.ആറിന്‍റെ നേതൃത്വത്തിൽ മൂന്നാം മുന്നണിക്കു സാധ്യതയുണ്ട്-ഉവൈസി
''തെലങ്കാനയിൽ ഹിജാബ് ധരിച്ച് കോളജുകളിൽ പോകുന്ന മുസ്‌ലിം പെൺകുട്ടികൾക്കു ഭീഷണിയൊന്നുമില്ല. ഇവിടെ മുസ്‌ലിംകൾ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയാകുന്നില്ല. ഇത് തെലങ്കാനയാണ്, കർണാടകയല്ല.''
അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: പ്രതിപക്ഷ വിശാലസഖ്യമായ ഇൻഡ്യയുടെ യോഗത്തിലേക്കു ക്ഷണം ലഭിക്കാത്തതിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. മൂന്നാം മുന്നണിക്കുള്ള സാധ്യതയുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവോ(കെ.സി.ആർ) മായാവതിയോ മുന്നണിക്കു നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ മാധ്യമമായ 'ഇന്ത്യ ടുഡേ'യോടാണ് ഉവൈസിയുടെ പ്രതികരണം. ''തീർച്ചയായും ഒരു മൂന്നാം മുന്നണിക്കുള്ള സാധ്യതയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. മായാവതി, കെ.സി.ആർ പോലെയുള്ള നേതാക്കൾ അവിടെ(ഇൻഡ്യ മുന്നണി) ഇല്ല. വലിയ സാന്നിധ്യമുള്ള പാർട്ടികൾ പോലും എൻ.ഡി.എ, ഇൻഡി സഖ്യങ്ങളില്ല. കെ.സി.ആർ അതിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. എന്നിട്ട് എങ്ങനെയുണ്ടാകുമെന്ന് നോക്കാം.''-ഉവൈസി പറഞ്ഞു.
ഹൈദരാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയെക്കുറിച്ചും ഉവൈസി പ്രതികരിച്ചു. ''ദലിതുകളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും സംവരണം കൂട്ടണമെന്നാണ് പ്രവർത്തക സമിതി നിർദേശിച്ചത്. എന്നാൽ, മുസ്‌ലിംകളുടെ സ്ഥിതിയെന്താണ്? മഹാരാഷ്ട്രയിലെ മുസ്‌ലിം സംവരണത്തെക്കുറിച്ച് അവർ എന്താണ് അവർ സംസാരിക്കാത്തത്? പാർലമെന്റിൽ ഞാൻ ഇക്കാര്യം പലതവണ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്''-ഉവൈസി പറഞ്ഞു.
ന്യൂനപക്ഷ സംവരണ വിഷയത്തിൽ കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിലും ചത്തിസ്ഗഢിലും അവർ എന്താണ് ന്യൂനപക്ഷങ്ങൾക്കു വേണ്ടി ചെയ്തതെന്ന് ഉവൈസി ചോദിച്ചു. ഹരിയാനയിൽ ജുനൈദും നാസിറും വെന്തുമരിച്ചപ്പോൾ അവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയാണു നഷ്ടപരിഹാരമായി ലഭിച്ചത്. കനയ്യലാലിനെ തീവ്രവാദികൾ കൊന്നപ്പോൾ അവരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരവും ലഭിച്ചു. തീവ്രവാദികളാൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു നൽകുന്ന നഷ്ടപരിഹാരത്തുകയിൽ കോൺഗ്രസ് വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെലങ്കാന പിടിക്കാനുള്ള കോൺഗ്രസ് നീക്കത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഉവൈസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: കർണാടകയിൽ ബി.ജെ.പി സർക്കാരിന്റെ കാലത്ത് ക്രമസമാധാനനില തകർന്നുകിടക്കുകയായിരുന്നു. സാമ്പത്തികരംഗവും അലങ്കോലമായിരുന്നു. എന്നാൽ, തെലങ്കാനയിലെ സ്ഥിതി ഇതല്ല. ഹിജാബ് ധരിച്ച് കോളജുകളിൽ പോകുന്ന മുസ്‌ലിം പെൺകുട്ടികൾക്ക് ഇവിടെ ഭീഷണിയൊന്നുമില്ല. ഇവിടെ മുസ്‌ലിംകൾ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയാകുന്നില്ല. സാമ്പത്തികരംഗവും നല്ല നിലയിലാണ്. ഇത് തെലങ്കാനയാണ്, കർണാടകയല്ല.
അനന്തനാഗ് ഏറ്റുമുട്ടലിനിടയിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം തുടരുന്നതിനെ ഉവൈസി ചോദ്യംചെയ്തു. നമുക്ക് സൈനികരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. (അനന്തനാഗ് ഏറ്റുമുട്ടലിൽ) ഒരേ മേജറിനെയും കേണലിനെയും നമുക്ക് നഷ്ടമായി. ബി.ജെ.പി പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ഇതു സംഭവിക്കുന്നതും ഇന്ത്യ-പാക് മത്സരം നടക്കുന്നതുമെങ്കിൽ അവർ എന്താകുമായിരുന്നു? സർക്കാർ ബിരിയാണി നയതന്ത്രം കളിക്കുകയാണെന്നു പറഞ്ഞ് അവർ കുറ്റപ്പെടുത്തുമായിരുന്നു. എന്നാൽ, ഇപ്പോൾ ബി.ജെ.പി മൗനമായിരിക്കുകയാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ (ഇന്ത്യയും പാകിസ്താനും തമ്മിൽ) ക്രിക്കറ്റ് മത്സരം നടത്താൻ പോലും അവർ അനുവാദം നൽകിയിരിക്കുന്നുവെന്നും ഉവൈസി വിമർശിച്ചു.
Summary: 'There's scope for Third Front, KCR should take lead', says Asaduddin Owaisi
Adjust Story Font
16