ഒക്ടോബർ മൂന്നിന് എവിടെയായിരുന്നുവെന്ന് തെളിയിക്കാനായില്ല; ആശിഷ് മിശ്ര കുരുക്കിൽ
സംഘർഷം നടക്കുമ്പോൾ താൻ വാഹനത്തിലില്ലായിരുന്നു എന്നാണ് ആശിഷ് മിശ്ര പൊലീസിനോട് പറഞ്ഞത്.
ലഖിംപൂരിൽ കർഷകർ കൊല്ലപ്പെട്ട ഒക്‌ടോബർ മൂന്നിന് ലഖിംപൂരിൽ ഇല്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര. എന്നാൽ ആ സമയത്ത് എവിടെയായിരുന്നു എന്നതിന് കൃത്യമായ മറുപടി നൽകാൻ ആശിഷിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ മൂന്നിന് ഉച്ചക്ക് ശേഷം 2.36 മുതൽ 3.30 വരെ എവിടെയായിരുന്നു എന്നത് തെളിയിക്കാനുള്ള രേഖകളൊന്നും ഹാജരാക്കാൻ ആശിഷിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സംഘർഷം നടക്കുമ്പോൾ താൻ വാഹനത്തിലില്ലായിരുന്നു എന്നാണ് ആശിഷ് മിശ്ര പൊലീസിനോട് പറഞ്ഞത്. വാഹനം വിട്ടു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും സംഭവം നടന്ന ദിവസം ടിക്കുനിയയിൽ ഇല്ലായിരുന്നുവെന്നും അറിയിച്ച ആശിഷ് മിശ്ര തെളിവായി വിഡിയോയും സമർപ്പിച്ചു. ആ ദിവസം ബൻവീർപൂറിലെ തന്റെ ഗ്രാമത്തിലായിരുന്നുവെന്നും ആശിഷ് മിശ്ര ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
എന്നാൽ ബൻവീർപൂരിലായിരുന്നു എന്നതിന്റെ ഒരു തെളിവും ഇതുവരെ ഹാജരാക്കാൻ ആശിഷിന് കഴിഞ്ഞിട്ടില്ല. കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പുകൾ ചേർത്താണ് ആശിഷ് മിശ്രക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ ലഖിംപൂർ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നത്.
Adjust Story Font
16