Quantcast

വസുന്ധര രാജെയുമായി ഒരു ബന്ധവുമില്ല; കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസാരിച്ചത് 15 തവണയെന്ന് അശോക് ഗെഹ്‍ലോട്ട്

അഴിമതിക്കെതിരെ മുന്‍ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റ് നടത്തുന്ന 'ജന്‍ സംഘര്‍ഷ് പദയാത്ര'ക്കിടെയാണ് ഗെഹ്‍ലോട്ടിന്‍റെ പരാമര്‍ശം

MediaOne Logo

Web Desk

  • Published:

    15 May 2023 7:41 AM GMT

ashok gehlot vasundhara raje
X

അശോക് ഗെഹ്‍ലോട്ട്/ വസുന്ധര രാജെ

ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെയുമായി ഒത്തുകളിച്ചെന്ന ആരോപണം തള്ളി മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. വസുന്ധരയുമായി തനിക്കൊരു ബന്ധവുമില്ലെന്നും കഴിഞ്ഞ 15 വര്‍ഷത്തിനിടെ 15 തവണ മാത്രമാണ് അവരോട് സംസാരിച്ചിട്ടുള്ളതെന്നും ഗെഹ്‍ലോട്ട് പറഞ്ഞു. തന്‍റെ പ്രസ്താവനയെ തെറ്റായി വ്യാഖാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് അവരുടേത്. ഒരു തരത്തിലും ഐക്യപ്പെടാനാവില്ല. എന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു-ഗെഹ്ലോട്ട് പറഞ്ഞു. അഴിമതിക്കെതിരെ മുന്‍ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റ് നടത്തുന്ന 'ജന്‍ സംഘര്‍ഷ് പദയാത്ര'ക്കിടെയാണ് ഗെഹ്‍ലോട്ടിന്‍റെ പരാമര്‍ശം. പൈലറ്റ് നയിക്കുന്ന 125 കിലോമീറ്റർ യാത്ര വ്യാഴാഴ്ച അജ്മീറിൽ നിന്നാണ് ആരംഭിച്ചത്. യാത്ര ഇന്ന് ജയ്പൂരിൽ സമാപിക്കും.തന്‍റെ സർക്കാരിനെ താഴെയിറക്കാൻ വിമത കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ നിന്ന് പണം വാങ്ങിയെന്ന ഗെഹ്‍ലോട്ടിന്‍റെ ആരോപണത്തിന് പിന്നാലെയായിരുന്നു സച്ചിന്‍റെ പദയാത്ര. രാജസ്ഥാനില്‍ തന്‍റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ നീക്കം നടന്നുവെന്നും അതു തടഞ്ഞത് ബി.ജെ.പി നേതാക്കളായ വസുന്ധര രാജെയും കൈലാഷ് മേഘ്‌വാളുമാണെന്ന ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് സച്ചിന്‍ രംഗത്തെത്തിയത്.


ധോൽപൂരിലെ അശോക് ഗെഹ്‍ലോട്ടിന്‍റെ പ്രസംഗം കേട്ടപ്പോൾ അദ്ദേഹത്തിന്‍റെ നേതാവ് സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണെന്ന് തോന്നിയെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.ഗെഹ്‍ലോട്ട് ഞായറാഴ്ച വിമത കോൺഗ്രസ് എം.എൽ.എമാർക്കെതിരെയും രംഗത്തെത്തിയിരുന്നു. സമ്മർദമില്ലാതെ തങ്ങളുടെ കടമ നിർവഹിക്കാൻ ബി.ജെ.പിയിൽ നിന്ന് കൈപ്പറ്റിയ പണം തിരികെ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. "ആദ്യമായാണ് ഒരാൾ സ്വന്തം പാർട്ടിയിലെ എം.പിമാരെയും എം.എൽ.എമാരെയും വിമർശിക്കുന്നത് ഞാൻ കാണുന്നത്. ബി.ജെ.പിയിലെ നേതാക്കളെ പുകഴ്ത്തുന്നതും കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്നതും തനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്, ഇത് തികച്ചും തെറ്റാണ്," എന്നായിരുന്നു സച്ചിന്‍ പറഞ്ഞത്.

TAGS :

Next Story