കമാൽ മൗല മസ്ജിദ്-ഭോജ്ശാല ക്ഷേത്ര സമുച്ചയത്തിൽ പുരാവസ്തു സർവേ എട്ടാം ദിവസവും തുടരുന്നു
മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് 11-ാം നൂറ്റാണ്ടിൽ നിർമിച്ചതെന്നു കരുതപ്പെടുന്ന കമാൽ മൗല പള്ളിയും ക്ഷേത്രവും ഉൾപ്പെടുന്ന സമുച്ചയം സ്ഥിതി ചെയ്യുന്നത്
കമാൽ മൗല മസ്ജിദ്-ഭോജ്ശാല ക്ഷേത്ര സമുച്ചയം
ഭോപ്പാൽ: മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്-ഭോജ്ശാല ക്ഷേത്ര സമുച്ചയത്തിൽ പുരാവസ്തു സർവേ എട്ടാം ദിവസവും തുടരുന്നു. മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് പ്രകാരം നടക്കുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യുടെ പരിശോധന കനത്ത സുരക്ഷയിലാണ് നടക്കുന്നത്. വെള്ളിയാഴ്ച 35 പൊലീസുകാരെ കൂടി അധികമായി നിയോഗിച്ചിട്ടുണ്ടെന്നും മുമ്പ് വെള്ളിയാഴ്ചകളിൽ 1600 പേർ പ്രാർത്ഥനക്കെത്തുന്ന പള്ളിയിൽ ഇപ്പോൾ 2400 പേർ എത്തുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് മനോജ് സിംഗ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 150ലേറെ പൊലീസുകാർ സ്ഥലത്തുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ അറിയിച്ചു. സർവേയുടെ എട്ടാം ദിവസത്തിൽ രണ്ട് പുതിയ വിദഗ്ധർ കൂടി എ.എസ്.ഐ സംഘത്തിൽ ചേർന്നിട്ടുണ്ട്. മാർച്ച് 22നാണ് സർവേ തുടങ്ങിയത്.
സർവേയ്ക്കിടെ ഒരു സ്ഥലത്ത് ഫൗണ്ടേഷന്റെ അടിയിൽ ചില ബീമുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് എഎസ്‌ഐ സംഘം പറയുന്നത്. കൂടുതൽ സ്ഥലങ്ങൾ കുഴിച്ച് ഒരു ഉറച്ച നിഗമനത്തിലെത്താൻ ടീമിന് കഴിയുമെന്ന് ചിലരെ ഉദ്ധരിച്ച് സിയാസത്ത്.കോം റിപ്പോർട്ട് ചെയ്തു. ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് ആശിഷ് ഗോയൽ, ഗോപാൽ ശർമ എന്നിവരും മുസ്‌ലിംകളെ പ്രതിനിധീകരിച്ച് അബ്ദു സമദും എ.എസ്.ഐ സംഘത്തെ അനുഗമിക്കുന്നുണ്ട്.
ധാർ ജില്ലയിലാണ് 11-ാം നൂറ്റാണ്ടിൽ നിർമിച്ചതെന്നു കരുതപ്പെടുന്ന കമാൽ മൗല പള്ളിയും ക്ഷേത്രവും ഉൾപ്പെടുന്ന സമുച്ചയം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം പൂർണമായി സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദു വിഭാഗം വാദിക്കുന്നത്. എന്നാൽ കമാൽ മൗല മസ്ജിദെന്നാണ് മുസ്‌ലിംകൾ വിളിക്കുന്നത്. 2003ലെ എ.എസ്.ഐ ഉത്തരവ് പ്രകാരം ഇവിടെ എല്ലാ ചൊവ്വാഴ്ചയും പൂജ നടക്കുന്നുണ്ട്. ഇതിനോടു ചേർന്നുള്ള കമാൽ മൗല മസ്ജിദിൽ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരവും നടക്കുന്നുണ്ട്.
ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമാധികാരി, ദേവനാരായൺ മിശ്ര എന്നിവർ അംഗങ്ങളായ ഇൻഡോർ ബെഞ്ചാണ് എ.എസ്.ഐ സർവേക്ക് മാർച്ച് 11ന് അനുമതി നൽകിയത്. ആറാഴ്ച കൊണ്ട് സമുച്ചയത്തിൽ ശാസ്ത്രീയ പരിശോധനയും ഉദ്ഖനനവും നടത്താനാണ് ഹൈക്കോടതി അനുമതി നൽകിയത്. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് എ.എസ്.ഐയ്ക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടിസ് നൽകിയിരുന്നു. കേസ് ഏപ്രിൽ 29നു വീണ്ടും പരിഗണിക്കും. ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്നു വാദിച്ച് കഴിഞ്ഞ വർഷമാണ് ഒരു വിഭാഗം കോടതിയെ സമീപിച്ചത്. ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസാണ് മധ്യപ്രദേശ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ഭോജ്ശാലയിൽ ദിവസവും പ്രാർഥന നടത്തുന്നത് 2003ൽ എ.എസ്.ഐ വിലക്കിയിരുന്നു. ഇതു ചോദ്യംചെയ്താണ് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്. കമാൽ മൗല പള്ളിയിൽ നടക്കുന്ന പ്രാർഥന തടണമെന്നും ആവശ്യമുണ്ട്. ഭോജ്ശാല നിലവിൽ എ.എസ്.ഐ മേൽനോട്ടത്തിലാണുള്ളത്.
ഭരണഘടനയുടെ 25-ാം വകുപ്പ് പ്രകാരം ഇവിടെ പൂജയും മറ്റു ചടങ്ങുകളും നടത്താനുള്ള മൗലികമായ അവകാശം ഹിന്ദുക്കൾക്കു മാത്രമാണുള്ളതെന്നാണു ഹരജിക്കാർ വാദിക്കുന്നത്. വാഗ്ദേവി സരസ്വതിയുടെ ക്ഷേത്രമാണിത്. ഇതിന്റെ ഒരു ഭാഗവും ഉപയോഗിക്കാൻ മുസ്ലിംകൾക്ക് അവകാശമില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു. സരസ്വതി ദേവിയുടെ വിഗ്രഹം ലണ്ടൻ മ്യൂസിയത്തിൽനിന്നു കൊണ്ടുവന്ന് ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എ.ഡി 1034ൽ അന്നത്തെ ധാർ ഭരണാധികാരി രാജാ ഭോജ് ഭോജ്ശാലയിൽ പ്രതിഷിഷ്ഠിച്ച വിഗ്രഹം 1875ൽ ബ്രിട്ടീഷുകാർ ലണ്ടനിലേക്കു കടത്തുകയായിരുന്നുവെന്നാണ് ഹരജിക്കാർ വാദിക്കുന്നത്.
തങ്ങളുടെ മതകേന്ദ്രം തിരിച്ചുപിടിക്കാനുള്ള നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണെന്നാണ് ഹരജിക്കാരിൽ ഒരാളായ ആശിഷ് ഗോയൽ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ചിരുന്നത്. ഹരജി സമഗ്രമാണെന്നു കോടതിക്കു വ്യക്തമായതുകൊണ്ടാണ് നോട്ടിസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ധാറിലെ ഖാദി വഖാർ സാദിഖ് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി മുസ്ലിം സമുദായത്തിന് അംഗീകരിക്കാനാകില്ല. ഇതിനെതിരെ കമാൽ മൗല മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ ഹരജി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Adjust Story Font
16