Quantcast

ഭോജ്ശാല കമാല്‍ മൗല മസ്ജിദില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ്

കമാല്‍ മൗല മസ്ജിദ് അടങ്ങുന്ന ഭോജ്ശാല സമുച്ചയത്തില്‍ എ.എസ്.ഐ മൂന്ന് മാസത്തോളം സര്‍വേ നടത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-07-15 16:31:48.0

Published:

15 July 2024 10:00 AM GMT

ASI submits survey report on Bhojshala-Kamal-Maula mosque complex to Madhya Pradesh High Court, claiming temple remnants, Bhojshala-Kamal-Maula mosque case
X

ഭോപ്പാല്‍: മധ്യപ്രദേശ് ഭോജ്ശാല കമാല്‍ മൗല മസ്ജിദില്‍നിന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ്. ദൈവശില്‍പങ്ങള്‍, സംസ്‌കൃത ലിഖിതങ്ങള്‍, ത്രിശൂല ചിത്രങ്ങള്‍ എന്നിവ കണ്ടെത്തിയെന്നാണു വാദം. മസ്ജിദില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം 22നു കോടതി പരിഗണിക്കും.

കമാല്‍ മൗല മസ്ജിദില്‍ എ.എസ്.ഐയുടെ നേതൃത്വത്തില്‍ മൂന്നു മാസം നീണ്ട സര്‍വേ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് 2,000ത്തിലേറെ പേജുള്ള റിപ്പോര്‍ട്ട് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിനു മുന്‍പാകെഎ.എസ്.ഐ കൗണ്‍സല്‍ ഹിമാന്‍ഷു ജോഷി സമര്‍പ്പിച്ചത്.

ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന പേരിലുള്ള സംഘടനയാണ് ഭോജ്ശാല സമുച്ചയത്തിലെ പള്ളി ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് സര്‍വേ നടത്താന്‍ മാര്‍ച്ച് 11ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മാര്‍ച്ച് 22ന് എ.എസ്.ഐ സര്‍വേ ആരംഭിക്കുകയും ചെയ്തു. അടുത്തിടെയാണ് സര്‍വേ പൂര്‍ത്തിയായത്. ജൂലൈ 15നകം പൂര്‍ണമായ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഈ മാസം ആദ്യത്തില്‍ ഹൈക്കോടതി എ.എസ്.ഐയോട് നിര്‍ദേശിച്ചിരുന്നു.

ഭോജ്ശാലയില്‍ ദിവസവും പൂജ നടത്തുന്നത് 2003ല്‍ എ.എസ്.ഐ വിലക്കിയിരുന്നു. ഇതു ചോദ്യംചെയ്താണ് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്. കമാല്‍ മൗല പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥന തടണമെന്നും ആവശ്യമുണ്ടായിരുന്നു. ഭോജ്ശാല നിലവില്‍ എ.എസ്.ഐ മേല്‍നോട്ടത്തിലാണുള്ളത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം പൂര്‍ണമായി സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദു വിഭാഗം വാദിക്കുന്നത്. 2003ലെ എ.എസ്.ഐ ഉത്തരവ് പ്രകാരം ഇവിടെ എല്ലാ ചൊവ്വാഴ്ചയും പൂജ നടക്കുന്നുണ്ട്. വാഗ്ദേവി സരസ്വതിയുടെ ക്ഷേത്രമാണിതെന്നും സമുച്ചയത്തിന്റെ ഒരു ഭാഗവും ഉപയോഗിക്കാന്‍ മുസ്ലിംകള്‍ക്ക് അവകാശമില്ലെന്നും ഹരജിക്കാര്‍ വാദിച്ചിരുന്നു. അതേസമയം, ഇതിനോടു ചേര്‍ന്നുള്ള കമാല്‍ മൗല മസ്ജിദില്‍ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരവും നടക്കുന്നുണ്ട്.

സരസ്വതി ദേവിയുടെ വിഗ്രഹം ലണ്ടന്‍ മ്യൂസിയത്തില്‍നിന്നു കൊണ്ടുവന്ന് ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹിന്ദു വിഭാഗം ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എ.ഡി 1034ല്‍ അന്നത്തെ ധാര്‍ ഭരണാധികാരി ഭോജ്ശാലയില്‍ പ്രതിഷ്ഠിച്ച വിഗ്രഹം 1857ല്‍ ബ്രിട്ടീഷുകാര്‍ ലണ്ടനിലേക്കു കടത്തുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. തങ്ങളുടെ മതകേന്ദ്രം തിരിച്ചുപിടിക്കാനുള്ള നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണെന്നാണ് ഹരജിക്കാരില്‍ ഒരാളായ ആശിഷ് ഗോയല്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ധാറിലെ ഖാദി വഖാര്‍ സാദിഖ് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി വിധി മുസ്ലിം സമുദായത്തിന് അംഗീകരിക്കാനാകില്ല. ഇതിനെതിരെ കമാല്‍ മൗല മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയില്‍ ഹരജി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഭോജ്ശാലയിലെ എ.എസ്.ഐ സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്തായിരുന്നു ഹരജി. മൗലാന കമാലുദ്ദീന്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. സമുച്ചയത്തിന്റെ സ്വഭാവം മാറ്റുന്ന തരത്തിലുള്ള ഖനനം നടത്തരുതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചെങ്കിലും സര്‍വേ നടപടികള്‍ തടഞ്ഞില്ല. അനുമതിയില്ലാതെ സ്ഥത്ത് ഒരു നടപടികളും ഉണ്ടാവരുതെന്നും ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.

Summary: ASI submits survey report on Bhojshala-Kamal-Maula mosque complex to Madhya Pradesh High Court, claiming temple remnants

TAGS :

Next Story