ഇന്ത്യയിൽ മുസ്‌ലിംകള്‍ക്ക് സുരക്ഷിതത്വമില്ല; വിദേശത്ത് ജോലി ചെയ്യാൻ മക്കളോട് പറഞ്ഞതായി ആർ.ജെ.ഡി നേതാവ്
'ഒരാൾ തന്റെ മക്കളോട് മാതൃരാജ്യം വിടാൻ പറയേണ്ടിവരുന്ന അവസ്ഥ എത്ര വേദനാജനകമാണ്. എന്നാൽ അത്തരമൊരു സാഹചര്യം വന്നിരിക്കുന്നു'- അദ്ദേഹം പറഞ്ഞു.
പട്ന: ഇന്ത്യയിൽ മുസ്‌ലിംകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും അതിനാൽ മക്കളോട് വിദേശത്ത് ജോലി ചെയ്യാൻ പറഞ്ഞതായും ബിഹാറിലെ ആർ.ജെ.ഡി നേതാവ് അബ്ദുൽ ബാരി സിദ്ദീഖി. മകളോടും മകനോടുമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിദേശ രാജ്യങ്ങളിൽ ജോലി നോക്കാനും പറ്റുമെങ്കിൽ അവിടുത്തെ പൗരത്വം നേടാനും മക്കളോട് താൻ പറഞ്ഞതായി സിദ്ദീഖി പറഞ്ഞു. മുസ്‌ലിംകള്‍ ഇന്ത്യയിൽ സുരക്ഷിതത്വമില്ലായ്മ നേരിടുന്നതിനാൽ ആണ് താൻ ഇങ്ങനെ പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു.
"എന്റെ മകൻ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. മകൾ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് പഠനം പൂർത്തിയാക്കി. എന്നാൽ അതാതു രാജ്യത്തു തന്നെ ജോലി നോക്കാനും പറ്റുമെങ്കിൽ അവിടുത്തെ പൗരത്വം നേടാനും താൻ അവരോട് പറഞ്ഞു"- സിദ്ദീഖി വ്യക്തമാക്കി.
"ഇന്ത്യയിലെ അന്തരീക്ഷം അവർക്ക് സഹിക്കാൻ കഴിയുമോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്ന് താൻ അവരോട് പറഞ്ഞു"- അബ്ദുൾ ബാരി സിദ്ദീഖി പറഞ്ഞു.
''ഒരാൾക്ക് തന്റെ മക്കളോട് മാതൃരാജ്യം വിടാൻ പറയേണ്ടിവരുന്ന അവസ്ഥ എത്ര വേദനാജനകമാണെന്ന് നിങ്ങൾക്ക് മനസിലാക്കാം. എന്നാൽ അത്തരമൊരു സാഹചര്യം വന്നിരിക്കുന്നു"- അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 17ന് ബിഹാർ കൗൺസിൽ ചെയർമാൻ ദേവേഷ് ചന്ദ്ര താക്കൂറിനെ ആദരിക്കാനായി ദൈനിക് പ്യാരി ഉറുദു സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ദീഖി.
Adjust Story Font
16