Quantcast

ഹിജാബല്ല, പ്രശ്‌നം തീവ്രവാദം; പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിക്കണമെന്ന് അസം മുഖ്യമന്ത്രി

നേരത്തെ അസം ധോൽപ്പൂരിലുണ്ടായ വെടിവെപ്പിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    19 Feb 2022 4:31 PM GMT

ഹിജാബല്ല, പ്രശ്‌നം തീവ്രവാദം; പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിക്കണമെന്ന് അസം മുഖ്യമന്ത്രി
X

പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിക്കണമെന്ന് കേന്ദ്രസർക്കറിനോട് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. കർണാടകയിലെ ഹിജാബ് നിരോധനത്തെ തുടർന്ന് നടക്കുന്ന പ്രതിഷേധത്തിലെ പങ്കാളിത്തമല്ല ഈ ആവശ്യത്തിന് പിറകിലെന്നും തീവ്രവാദി, അട്ടിമറി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് കാരണമെന്നും ശർമ പറഞ്ഞു. ഹിജാബ് പ്രതിഷേധം ജനാധിപത്യ അവകാശമാണെന്നും എന്നാൽ തീവ്രവാദ പ്രവർത്തനം നടത്തുന്നതിനാൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നും അസമിലെ ബിജെപി സർക്കാറിനെ നയിക്കുന്ന ശർമ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് ശർമയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.

മുസ്‌ലിം പെൺകുട്ടികൾക്ക് ഹിജാബല്ല, വിദ്യാഭ്യാസമാണ് ആവശ്യമെന്ന് ശർമ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കോൺഗ്രസ് വിഭജന രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഒരു വിദ്യാർഥി ഹിജാബ് ധരിച്ചാൽ പഠിപ്പിക്കുന്ന അധ്യാപകർ എങ്ങനെ തിരിച്ചറിയുമെന്നും മൂന്നു കൊല്ലം മുമ്പ് ആരും ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തെ അസം ധോൽപ്പൂരിലുണ്ടായ വെടിവെപ്പിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയിരുന്നു. കുടിയൊഴിപ്പിക്കലിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ പേര് സംശയിക്കുന്നുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 60 ആളുകളെ ഒഴിപ്പിക്കാനാണ് പൊലീസകാരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയതെന്നും എന്നാൽ അവിടെ 10000 ത്തോളം ആളുകളുണ്ടായിരുന്നെന്നും അവരെ അവിടെ എത്തിച്ചത് പോപ്പുലർ ഫ്രണ്ട് ആകാമെന്ന സംശയം പലർക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ അസമിലെ സിപാജാറിൽ ഗ്രാമീണരെ കുടയൊഴിപ്പിക്കുകയും എതിർത്തവരെ വെടിവെച്ചുകൊല്ലുകയും ചെയ്ത സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ദേശീയ ചെയർമാൻ ഒ.എം.എ സലാം മറുപടി പറഞ്ഞു. സൂര്യനുദിക്കാൻ വൈകിയാലും അതിന് പിറകിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ചിലർ പറയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അസമിലെ പല ജില്ലകളിലും സംഘടനക്ക് സ്വാധീനമുണ്ടെന്നും ദരിദ്രരായ അസം നിവാസികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിൽ ഇടപെടാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഭൂമി കയ്യേറ്റം ആരോപിച്ച് കുടിയൊഴിപ്പിച്ച 5000 ത്തിൽ അധികം ജനസംഖ്യയുള്ള 800 ലധികം കുടുംബങ്ങളെ അധിവസിപ്പിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എൻ.ആർ.സി അസമിൽ നിന്നാണ് തുടങ്ങിയത്, അതേപടി അസമിൽ നിന്ന് തുടങ്ങുന്നവ രാജ്യത്താകെ വ്യാപിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ദരംഗ് ജില്ലയിലെ ധോൽപ്പുര, ചപ്പാസർ എന്നിവടങ്ങളിൽ കർഷകരാണ് കൂടുതലുള്ളതെന്നും അവിടെ വൻ കാർഷിക പദ്ധതി നടപ്പാക്കാനാണ് കുടിയൊഴിപ്പിക്കൽ നടക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളോട് മനഃപൂർവ അവഗണന നടന്നുകൊണ്ടിരിക്കുന്നുണ്ട്. ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് മുസ്ലിം ഭൂരിപക്ഷമുള്ള ഏഴു ജില്ലകളിൽ മാത്രം സെൻറർ അനുവദിച്ചില്ല. കോപ്പിയടിച്ചു ജയിക്കുമെന്നായിരുന്നു കാരണം പറഞ്ഞത് - അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പിൽ ഒരു ആർ.എസ്.എസ് പരിപാടിയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത് ഒരു സമുദായം ഹിന്ദുക്കളെ തീർത്തുകളയാൻ ഇറങ്ങിയിട്ടുണ്ടെന്നും അവരെ അവസാനിപ്പിക്കാൻ ആർ.എസ്.എസിന്റെ സഹായം വേണമെന്നുമായിരുന്നു. ഈ രീതിയിലാണ് വെറുപ്പിന്റെ രാഷ്ട്രീയം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Assam Chief Minister Himanta Bishwa Sharma has asked the Center to ban the Popular Front immediately.

TAGS :

Next Story