പൊലീസ് നേതൃത്വത്തിൽ നടന്ന കുടിയിറക്കൽ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അസം മനുഷ്യാവകാശ കമീഷൻ
കഴിഞ്ഞ ദിവസം കുടിയിറക്കാന്‍ എത്തിയ പൊലീസ് പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു.
അസമിൽ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന കുടിയിറക്കൽ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അസം മനുഷ്യാവകാശ കമീഷൻ. സംഭവം അന്വേഷിക്കാൻ മൂന്നാഴ്ചക്കകം പ്രത്യേക കമീഷനെ നിയമിക്കണമെന്നും സംസ്ഥാന സർക്കാറിനോട് കമീഷൻ നിർദേശിച്ചു.
പൊലീസ് വെടിവെപ്പിൽ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവബ്രത സൈക്കിയ നൽകിയ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി മനുഷ്യാവകാശ ലംഘനവും യു.എൻ മാർഗനിർദേശ ലംഘനവുമാണെന്ന് കമീഷൻ നിരീക്ഷിച്ചത്.
സിപജ്ഹർ നഗരത്തിൽ മാത്രം 1000 കുടുംബങ്ങൾക്ക് വീടു നഷ്ടപ്പെട്ടെന്ന് വ്യക്തമായതായി കമീഷൻ അറിയിച്ചു. വിഷയത്തിൽ അന്വേഷണ കമീഷനെ നിയമിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് കമീഷൻ നിർദേശിച്ചു. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര, രാഷ്ട്രയകാര്യ മന്ത്രാലയം എന്നിവർക്ക് കത്തയക്കണമെന്ന് രജിസ്ട്രിക്കും നിർദേശം നൽകിയതായി കമീഷൻ വ്യക്തമാക്കി.
സംഭവത്തിന് ശേഷം സർക്കാർ വാഗ്ദാനം ചെയ്ത ഭൂമി കാലതാമസം കൂടാതെ ഇരകൾക്ക് നൽകണമെന്ന് ആൾ അസം ന്യൂനപക്ഷ വിദ്യാർഥി യൂനിയൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം 23ന് ആണ് കുടിയിറക്കാന്‍ എത്തിയ പൊലീസ് പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തത്.
Adjust Story Font
16