Quantcast

വസ്ത്രത്തിന് ഇറക്കം പോര; വിദ്യാര്‍ഥിനിയെ കര്‍ട്ടന്‍ പുതപ്പിച്ച് പരീക്ഷക്കിരുത്തി

അസം ഗുവാഹതിയിലെ ഗിരിജാനന്ദ ചൗധരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിലാണ് സംഭവം.

MediaOne Logo

Web Desk

  • Published:

    17 Sep 2021 4:09 PM GMT

വസ്ത്രത്തിന് ഇറക്കം പോര; വിദ്യാര്‍ഥിനിയെ കര്‍ട്ടന്‍ പുതപ്പിച്ച് പരീക്ഷക്കിരുത്തി
X

പ്രവേശന പരീക്ഷ എഴുതാന്‍ ഷോര്‍ട്‌സ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ പുതപ്പിച്ച ശേഷം പരീക്ഷക്കിരുത്തി അസമിലെ സര്‍വകലാശാല. കാല് പൂര്‍ണമായും മറയാത്ത വസ്ത്രം ധരിച്ചെന്നാരോപിച്ച പരീക്ഷാ ഇന്‍വിജിലേറ്റര്‍ കുട്ടിക്ക് കര്‍ട്ടന്‍ ഊരി നല്‍കി, ശരീരം മറച്ച് പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവം പുറത്തറഞ്ഞിതോടെ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. അസം ഗുവാഹതിയിലെ ഗിരിജാനന്ദ ചൗധരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിലാണ് (ജി.ഐ.പി.എസ്) സംഭവമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ജി.ഐ.പി.എസ് പ്രവേശന പരീക്ഷക്കായി തേസ്പൂരില്‍ എത്തിയ വിദ്യാര്‍ഥിനിക്കാണ് സദാചാര അതിക്രമം നേരിടേണ്ടി വന്നത്. പരീക്ഷാ ഹാളില്‍ പ്രവേശിക്കും വരെ തന്നോട് ആരും വസ്ത്രത്തെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ലെന്നും ഇന്‍വിജിലേറ്റര്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും കുട്ടി പറഞ്ഞു.

വസ്ത്രത്തെ കുറിച്ച് പരാതി പറഞ്ഞ ഇന്‍വിജിലേറ്ററോട്, അഡ്മിറ്റ് കാര്‍ഡില്‍ പ്രത്യേക ഡ്രസ് കോഡുള്ളതായി സൂചിപ്പിച്ചിട്ടില്ലെന്ന് കുട്ടി പറഞ്ഞു. എന്നാല്‍, ഷോര്‍ട്‌സ് ധരിച്ച് പരീക്ഷക്ക് ഇരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന പിതാവിന്റെ അടുക്കലെത്തി വസ്ത്രം വാങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മകള്‍ക്കായി താന്‍ വസ്ത്രം വാങ്ങി വരുമ്പോഴേക്കും അധികൃതര്‍ കര്‍ട്ടന്‍ കൊണ്ട് കുട്ടിയെ പുതപ്പിച്ച് പരീക്ഷ എഴുതിച്ച് തുടങ്ങിയിരുന്നുവെന്ന് കുട്ടിയുടെ അച്ഛനെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവം പുറത്തറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലുണ്ടായത്. സംഭവത്തില്‍ കുട്ടിയോ, കുടുംബമോ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലങ്കിലും, പ്രതിഷേധം കണക്കിലെടുത്ത് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അസം കാര്‍ഷിക സര്‍വകലാശാല ഡിനിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

TAGS :

Next Story