'ആസാമുകാർ തെരുവ്‌നായകളെ ഭക്ഷിക്കുന്നു, അവയെ അങ്ങോട്ട് അയക്കൂ'; മഹാരാഷ്ട്ര എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
മഹാരാഷ്ട്ര എം.എൽ.എ ആസാം നിയമസഭയിൽ വന്ന് മാപ്പ് പറയണമെന്ന് ആസാമിലെ പ്രതിപക്ഷം
ബച്ചു കാഡു എം.എൽ.എ
ഗുവാഹത്തി: ആസാമിലെ ജനങ്ങൾ തെരുവ് നായകളുടെ മാംസം ഭക്ഷിക്കുന്നുവെന്ന മഹാരാഷ്ട്ര എം.എൽ.എ ബച്ചു കാഡുവിന്റെ പരാമർശം വിവാദത്തിൽ. എം.എൽ.എയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ആസാമിലെ പ്രതിപക്ഷ നിയമസഭാംഗങ്ങൾ ഗവർണർ ഗുലാബ് ചന്ദ് കതാരിയയുടെ പ്രസംഗം തടസ്സപ്പെടുത്തുകയും സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ തെരുവുനായ്ക്കളെ ഭക്ഷിക്കുന്നു. അവയുടെ എണ്ണം നിയന്ത്രിക്കാൻ ആസമിലേക്ക് തെരുവ് നായകളെ അയക്കണമെന്ന് എംഎൽഎ ബച്ചു കാഡു മഹാരാഷ്ട്ര നിയമസഭയിൽ നിർദേശിക്കുകയായിരുന്നു. നിയമസഭാംഗത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ചോദിച്ച് പ്രതിപക്ഷ എംഎൽഎമാർ എഴുന്നേറ്റ് മുദ്രാവാക്യം വിളിച്ചതോടെ ഗവർണർ ഗുലാബ് ചന്ദ് കതാരി തന്റെ പ്രസംഗം 15 മിനിറ്റായി ചുരുക്കി.
വിവാദ പരാമർശത്തിന്റെ പേരിൽ ബച്ചു കാഡുവിനെതിരെ പൊലീസ് കേസെടുത്തില്ലെന്ന് കോൺഗ്രസ് നിയമസഭാംഗം കമലാഖ്യ ദേ പുർകയസ്ത ചൂണ്ടിക്കാട്ടി. എഐയുഡിഎഫ് എംഎൽഎ റഫികുൽ ഇസ്ലാം സ്പീക്കർ ബിശ്വജിത്ത് ദൈമറിയോട് മഹരാഷ്ട്ര എം.എൽ.എയുടെ പരാമർശത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആസാം നിയമസഭയിൽ വന്ന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
സ്വതന്ത്ര നിയമസഭാംഗമായ അഖിൽ ഗൊഗോയ്, സിപിഐ(എം) എംഎൽഎ മനോരഞ്ജൻ താലൂക്ദാർ എന്നിവരും ബച്ചു കാഡുവിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ പിന്തുണച്ചു. കോൺഗ്രസ് എം.എൽ.എമാർ സഭയുടെ നടുത്തളത്തിലേക്ക് നീങ്ങിയപ്പോൾ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാനും ശരിയായ മാർഗങ്ങളിലൂടെ വിഷയത്തെ സമീപിക്കാനും സ്പീക്കർ ആവശ്യപ്പെട്ടു. ബഹളത്തിനിടയിൽ എല്ലാ പ്രതിപക്ഷ എംഎൽഎമാരും സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Adjust Story Font
16