നയങ്ങളെല്ലാം പാളി, തുറന്നുസമ്മതിച്ച് ഖാർഗെ: തെറ്റ് തിരുത്തി മുന്നോട്ട് പോകും
തെലങ്കാനയിലെ തിരിച്ചുവരവിന്റെ ഗാംഭീര്യം ഹിന്ദി ഹൃദയഭൂമിയിൽ ഏറ്റുവാങ്ങിയ പരാജയം മൂലം മങ്ങുകയാണുണ്ടായത്.
ഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുത്ത ബിജെപി, മധ്യപ്രദേശ് നിലനിർത്തി. തെലങ്കാനയിൽ അധികാരം പിടിച്ചെടുക്കാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ലോക്സഭ പടിവാതിൽക്കൽ നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും കരുത്തേകുന്നതാണ് ജനവിധി. ഛത്തീസ്ഗഢും മധ്യപ്രദേശും കൈവിട്ടത് കോൺഗ്രസിന് വെല്ലുവിളിയാണ്.
തങ്ങളുടെ പല നയങ്ങളും പാളിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുറന്നുസമ്മതിച്ചു. ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന പ്രവർത്തകരെ അഭിനന്ദിക്കുന്നതിനൊപ്പം തെറ്റായ നയങ്ങൾ തിരുത്തി മുന്നോട്ട് പോകുമെന്നും ഖാർഗെ വ്യക്തമാക്കി. 2018ൽ ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും വിജയം നേടിയ കോൺഗ്രസ് മാസങ്ങൾക്ക് ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുന്നതാണ് കണ്ടത്.
അതിനാൽ, തിരുത്തൽ ശക്തിയായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഖാർഗെ അറിയിച്ചു. തെലങ്കാനയിലെ തിരിച്ചുവരവിന്റെ ഗാംഭീര്യം ഹിന്ദി ഹൃദയഭൂമിയിൽ ഏറ്റുവാങ്ങിയ പരാജയം മൂലം മങ്ങി. മൂന്ന് സംസ്ഥാനങ്ങളും ഒരുപോലെ താമര പിടിച്ചപ്പോൾ 2024 കോണ്‍ഗ്രസിന് കടുപ്പമാകുമെന്ന കാര്യത്തിൽ സംശയമില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇനിയുള്ള തിരുത്തൽ നയങ്ങൾ എത്രകണ്ട് പ്രസക്തമാകുമെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.
തെലങ്കാനയിലെ വോട്ടർമാർക്ക് ഖാർഗെ നന്ദിപറഞ്ഞു. ഇൻഡ്യ പാർട്ടികളുമായി ചേർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലും ശക്തമായി തിരിച്ച് വരും. ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തനം പ്രശംസ അർഹിക്കുന്നുവെന്നും ഈ സംസ്ഥാനങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നത് ആയിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും തുടർ നടപടികൾ ചർച്ച ചെയ്യാനുമായി മല്ലികാർജുൻ ഖാർഗെ 'ഇൻഡ്യ' മുന്നണി യോഗം വിളിച്ചിട്ടുണ്ട്. ഡിസംബർ ആറിനാണ് ഡൽഹിയിൽ യോഗം വിളിച്ചിരിക്കുന്നത്.
Adjust Story Font
16