അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും.
ന്യൂഡൽഹി: ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലാണ് തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യവാരത്തിനും ഇടയിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ കമ്മീഷൻ വിലയിരുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ജാതി സെൻസസ് തെരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയാക്കാനാണ് പാർട്ടി തീരുമാനം. ഛത്തീസ്ഗഡിലും, അധികാരത്തിലെത്തിയാൽ മധ്യപ്രദേശിലും ജാതി സർവേ നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു കഴിഞ്ഞു. രാജസ്ഥാനിൽ ജാതി സർവേക്ക് ഉത്തരവും ഇറങ്ങി.
മധ്യപ്രദേശിൽ ബി.ജെ.പിയും കോൺഗ്രസും നേർക്കുനേരാണ് മത്സരം. കർണാടക മോഡൽ സൗജന്യ പദ്ധതികൾ പ്രഖ്യാപിച്ചതും സംസ്ഥാനത്തെ ഭരണവിരുദ്ധ തരംഗം ഉപയോഗപ്പെടുത്തിയും സ്ഥിതിഗതികൾ അനുകൂലമാക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്.
Adjust Story Font
16