ബംഗാൾ ബി.ജെ.പി അധ്യക്ഷന്റെ ആസ്തിയിൽ അഞ്ചുവർഷത്തിനിടെ 114 ശതമാനം വർധന; റിപ്പോർട്ട്
ബലുർഘട്ടിൽ നിന്നാണ് സുകാന്ത മജുംദാർ ജനവിധി തേടുന്നത്
കൊൽക്കത്ത: ബംഗാളിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറിന്റെ ആസ്തിയിൽ അഞ്ചുവർഷത്തിനിടെയുണ്ടായത് 114 ശതമാനം വർധനയെന്ന് റിപ്പോർട്ട്. 2019ൽ മജുംദാറിന്റെ ആസ്തി 58.25 ലക്ഷം രൂപയായിരുന്നു. എന്നാൽ ഇത് 2024 ആയപ്പോഴേക്കും1.24 കോടി രൂപയായി ഉയർന്നെന്നും സത്യവാങ് മൂലത്തിൽ പറയുന്നു. ബലുർഘട്ടിൽ നിന്നാണ് സുകാന്ത മജുംദാർ ജനവിധി തേടുന്നത്.
പശ്ചിമ ബംഗാളിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന ഡാർജിലിംഗിലെ സിറ്റിംഗ് എംപി രാജു ബിസ്തയുടെ ആസ്തി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 215 ശതമാനം വർധിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് ബിസ്തയ്ക്ക് 15 കോടിയിലധികം ആസ്തിയുണ്ട്. ഇത്തവണ സമർപ്പിച്ച സത്യവാങ് മൂലത്തിലാകട്ടെ ആസ്തിയായി രേഖപ്പെടുത്തിയത് 47 കോടി രൂപയാണ്. ഏകദേശം 33 കോടിയിലധികം രൂപയുടെ വർധനവാണ് അഞ്ചുവർഷത്തിനിടെ ഉണ്ടായിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, ബലുർഘട്ട്, റായ്ഗഞ്ച് എന്നിവിടങ്ങളിൽ ഏപ്രിൽ 26 നാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 47 സ്ഥാനാർത്ഥികളുടെയും സ്വയം സത്യവാങ്മൂലം പശ്ചിമ ബംഗാൾ ഇലക്ഷൻ വാച്ച് ആൻഡ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് വിശകലനം ചെയ്തിരിക്കുന്നത്.
Adjust Story Font
16