Quantcast

കുത്തനെ ഉയര്‍ന്ന് കോവിഡ്; പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം

പുതുതായി ഏഴായിരത്തിൽ അധികം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്

MediaOne Logo

Web Desk

  • Published:

    9 Jun 2022 7:43 AM GMT

കുത്തനെ ഉയര്‍ന്ന് കോവിഡ്; പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം
X

ഡല്‍ഹി: രാജ്യത്ത് കുത്തനെ ഉയർന്ന് കോവിഡ് ബാധിതരുടെ എണ്ണം. പുതുതായി ഏഴായിരത്തിൽ അധികം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ 40 ശതമാനം വർധനവ് രേഖപ്പെടുത്തി.

ഈ ആഴ്ചയോടു കൂടി പ്രതിദിന കേസുകൾ പതിനായിരം കടക്കുമെന്നാണ് മുന്നറിയിപ്പ്.രോഗ വ്യാപനം കൂടിയ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പ്രതിരോധം ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകി. മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന രോഗ ബാധിതരുടെ എണ്ണം 2000 കടന്നതാണ് രാജ്യത്തെ ആകെ കേസുകളിലും പ്രതിഫലിക്കുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന കണക്ക് ഇന്നലെ രേഖപ്പെടുത്തി. രണ്ടായിരത്തി എഴുന്നൂറിൽ അധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത്തിൽ 1400 ന് മുകളിൽ കേസുകളും മുംബൈയിൽ നിന്നാണ്. മുംബൈ, പാൽഗർ, പുനെ, താനെ ജില്ലകളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. ഒമിക്രോണിന്‍റെ ഉപവകഭേദങ്ങളായ BA.4ഉം BA.5 ഉം ആണ് മഹാരാഷ്ട്രയിലെ നിലവിലെ വ്യാപനത്തിന് കാരണം.

കേരളത്തിലും സമാനമായ രീതിയിൽ കേസുകൾ ഉയരുകയാണ്. ഒരാഴ്ചക്കിടെ കേരളത്തിൽ 10,805 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. കോവിഡ് കേസുകൾ ഉയർന്ന മഹാരാഷ്ട്ര, കേരള,ഡൽഹി, കർണാടക സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം പുതിയ നിർദേശം നൽകി.

പരിശോധനയും നിരീക്ഷണവും വാക്സിനേഷനും ചികിത്സയും ശക്തമാക്കാനാണ് നിർദേശം. കോവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി പിന്തുടരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഈ ആഴ്ചയോടു കൂടി പ്രതിദിന കേസുകൾ പതിനായിരത്തിലേക്ക് എത്തുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. രോഗ വ്യാപനം തുടർന്നാൽ ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം കേന്ദ്രം പരിഗണിക്കും.

TAGS :

Next Story