കർശന നികുതി നിയമങ്ങളും നൂലാമാലകളും; 8,000 ത്തോളം സമ്പന്നർ ഈ വർഷം ഇന്ത്യ വിടുമെന്ന് റിപ്പോർട്ട്
സ്വന്തം കുടുംബത്തിന് ഉയർന്ന ജീവിത നിലവാരം വിദേശരാജ്യങ്ങളിൽ ലഭിക്കുമെന്നതും കുടിയേറ്റത്തിനുള്ള ആകർഷക ഘടകങ്ങളായി മാറുന്നു
ഡൽഹി: ഏകദേശം 8,000 അതി സമ്പന്നർ ഈ വർഷം ഇന്ത്യ വിടുമെന്ന് പുതിയ സർവേ റിപ്പോർട്ട്. ഇന്ത്യയിലെ കർശനമായ നികുതി നിയമങ്ങളും റിപ്പോർട്ടിംഗ് ആവശ്യകതകളും ശക്തമായ പാസ്പോർട്ട് നിയന്ത്രണങ്ങളുമാണ് കുടിയേറ്റത്തിലേക്ക് നയിക്കുന്ന പ്രാഥമിക കാരണങ്ങളായി മാറുന്നു.
ലോകമെമ്പാടുമുള്ള സ്വകാര്യ സമ്പത്തിനെ കുറിച്ചും നിക്ഷേപ കുടിയേറ്റ പ്രവണതകളെയും ട്രാക്കുചെയ്യുന്ന ഹെൻലി ഗ്ലോബൽ സിറ്റിസൺസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കൂടുതൽ യുവ സാങ്കേതിക സംരംഭകർ ആഗോള ബിസിനസിലെ നിക്ഷേപ സാധ്യതകളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതും കുടിയേറ്റത്തിനുള്ള കാരണമാകുന്നുണ്ട്.
അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയിലെ യുഎസ് ഡോളർ നിക്ഷേപം കൂടുകയും കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും എണ്ണം 80 ശതമാനം വർധിക്കുകയും ചെയ്യും. യുഎസിൽ ഇത് 20ശതമാനവും ഫ്രാൻസ്, ജർമ്മനി, ഇറ്റലി,യു.കെ എന്നിവടങ്ങളിൽ 10ശതമാനവും വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പഴയ വ്യാവസായിക അടിത്തറ അതുപോലെയിരിക്കുന്നതിനാൽ ആനുകൂല്യങ്ങൾ ധാരാളം ലഭിക്കുന്നതും കുറഞ്ഞ നികുതി നിരക്കുകളും നൽകുന്ന രാജ്യങ്ങളിൽ തങ്ങളുടെ സമ്പത്തിന്റെ ഒരു ഭാഗം ചെലവഴിക്കുന്നവരിൽ പുതിയ തലമുറയിലെ ടെക് സംരംഭകരും ചേരുകയാണ്.
കോവിഡിന്റെ കൂടി പശ്ചാത്തലത്തിൽ സ്വന്തം കുടുംബത്തിന് മെച്ചപ്പെട്ട വിദ്യാഭ്യാസ,ആരോഗ്യ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഉയർന്ന ജീവിത നിലവാരം വിദേശരാജ്യങ്ങളിൽ ലഭിക്കുമെന്നതും കുടിയേറ്റത്തിനുള്ള ആകർഷക ഘടകങ്ങളായി മാറുന്നു.
'ഇന്ത്യയെ സംബന്ധിച്ച് പൊതു സമ്പത്ത് വളരെ ശക്തമാണ്. 2031 ഓടെ ഉയർന്ന ആസ്തിയുള്ള വ്യക്തികൾ (HNWI) എണ്ണം 80 ശതമാനത്തോളം വർധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് 'ന്യൂ വേൾഡ് വെൽത്തിന്റെ ഗവേഷണ മേധാവി ആൻഡ്രൂ അമോയിൽസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശിക സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, സാങ്കേതിക മേഖലകളിലെ ശക്തമായ വളർച്ച ഇവയൊക്കെയുണ്ടായാല്‍ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വിപണികളിലൊന്നായി ഇന്ത്യയെ മാറ്റാനാകുമെന്നും അദ്ദേഹം പറയുന്നു. ഇത് കുടിയേറ്റം കുറയ്ക്കുമെന്നും ആൻഡ്രൂ അമോയിൽസ് അഭിപ്രായപ്പെട്ടു.
കുടിയേറ്റം എങ്ങോട്ട് ?
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് പുറമെ ദുബൈയും സിംഗപ്പൂരുമാണ് കുടിയേറ്റത്തിനായി ഭൂരിഭാഗം ഇന്ത്യക്കാരും തെരഞ്ഞെടുക്കുന്നത്. ശക്തമായ നിയമസംവിധാനവും ലോകോത്തര സാമ്പത്തിക ഉപദേഷ്ടാക്കളിലേക്കുള്ള പ്രവേശനവും എളുപ്പമാകുന്നതിനാലാണ് സിംഗപ്പൂർ പലരും തെരഞ്ഞെടുക്കുന്നത്. ഗോൾഡൻ വിസയുടെ വരവോട് കൂടി ദുബൈയും കുടിയേറുന്നതിന് മികച്ച സ്ഥലമായി കരുതപ്പെടുന്നു.
ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്ബോർഡ് അനുസരിച്ച്, 2022ൽ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്നാണ് യു.എ.ഇയുടെ കണക്കുകൂട്ടൽ. ഏകദേശം 4000 അതിസമ്പന്നർ ഈ കാലയളവില്‍ വര്‍ധിക്കുമെന്നാണ് കണക്കുകൾ പറയുന്നത്.
ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിൽ 2,800 വർധനവുണ്ടാകുമെന്നാണ് സിംഗപ്പൂരിന്റെ കണക്കുകൂട്ടൽ. ഓസ്‌ട്രേലിയയിൽ ഇതിന് 3500 ആയി വർധിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. ഓസ്‌ട്രേലിയക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് സിംഗപ്പൂരിപ്പോഴുള്ളത്.
Adjust Story Font
16