അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയത് പ്രശസ്തരാവാനെന്ന് പ്രതികള്‍
ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരാണ് അറസ്റ്റിലായത്
ലഖ്‌നൗ: സമാജ്‍വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും കൊല്ലപ്പെടുത്തിയത് പ്രശസ്തരാവാൻ വേണ്ടിയെന്ന് പ്രതികൾ. എഫ്.ഐ.ആറിലാണ് ഇക്കാര്യമുള്ളത്. കുറ്റവാളികളെന്ന നിലയില്‍ പേരെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി.
ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കൊലയാളികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നാണ് മൂന്നു പേരുടെയും കുടുംബാംഗങ്ങള്‍ പറയുന്നത്.
മകൻ ലഹരിക്ക് അടിമയാണെന്ന് ലവ്‌ലേഷ് തിവാരിയുടെ പിതാവ് യഗ്യാ തിവാരി പറഞ്ഞു. നേരത്തെയും ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു- "ഞങ്ങൾ ടിവിയിൽ കണ്ടു. അത് എന്‍റെ മകനാണ്. ലവ്‌ലേഷിന്റെ ചെയ്തികളെ കുറിച്ച് ഞങ്ങൾക്ക് ഒന്നുമറിയില്ല. ഞങ്ങൾക്ക് ഇതുമായി ഒരു ബന്ധവുമില്ല. അവൻ ഇവിടെ താമസിക്കാറില്ല. കുടുംബ കാര്യങ്ങളിൽ ഇടപെടാറില്ല. വർഷങ്ങളായി ഞങ്ങൾ അവനുമായി സംസാരിക്കാറില്ല. ഇതിനകം തന്നെ അവനെതിരെ ഒരു കേസുണ്ട്. ആ കേസിൽ അവനെ ജയിലിലടച്ചിട്ടുണ്ട്. അവന്‍ ജോലിയൊന്നും ചെയ്യുന്നില്ല".
സണ്ണി സിങ്ങിനെതിരെ 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിതാവ് മരിച്ചതോടെ സ്വത്ത് വിഹിതം വിറ്റ് വീടുവിട്ടിറങ്ങി. അഞ്ച് വർഷത്തിലേറെയായി സണ്ണി അമ്മയെയും തന്നെയും സന്ദർശിച്ചിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു- "അവന്‍ ഒരു ജോലിയും ചെയ്യുമായിരുന്നില്ല. ഞങ്ങളോടൊപ്പമല്ല താമസം. അവൻ എങ്ങനെയാണ് കുറ്റവാളി ആയതെന്ന് അറിയില്ല"- സണ്ണി സിങ്ങിന്‍റെ സഹോദരൻ പിന്‍റു സിങ് പറഞ്ഞു.
മൂന്നാമന്‍ അരുൺ കുട്ടിക്കാലത്ത് വീടുവിട്ടിറങ്ങിയതാണ്. 2010ൽ ട്രെയിനിൽ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡൽഹിയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു അരുണ്‍. പൊലീസ് ഔദ്യോഗികമായി മൂന്നു പേരെയും കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രയാഗ്‌രാജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും മൂവര്‍ സംഘം വെടിവെച്ചുകൊന്നത്. മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് മൂവരും അതീഖ് അഹമ്മദിനും സഹോദരനും സമീപമെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രയാഗ്‌രാജില്‍ ഇന്നലെ രാത്രി 10 മണിയോടെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. നിരവധി തവണ വെടിയുതിര്‍ത്ത പ്രതികൾ ജയ് ശ്രീറാം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്ക് മാർഗനിർദേശം തയ്യാറാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അത്തീഖിനെ വധിക്കാൻ അക്രമികൾ എത്തിയത് മാധ്യമ പ്രവർത്തകരെന്ന വ്യാജേനയായിരുന്നു. ഇതേ തുടര്‍ന്നാണ് അഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
Adjust Story Font
16