ക്രിസ്ത്യൻ പുരോഹിതനുനേരെ ആക്രമണം: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
ബിജെപി യുവജന വിഭാഗം ഭാരതീയ യുവമോർച്ച പ്രവർത്തകരായ മനീഷ് സാഹു, സഞ്ജയ് സിങ് എന്നിവരെയാണ് റായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്
ചത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതനു ആക്രമിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോർച്ച(ബിജെവൈഎം) പ്രവർത്തകരായ മനീഷ് സാഹു, സഞ്ജയ് സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
റായ്പൂരിൽ പൊലീസ് സ്റ്റേഷനിലാണ് അക്രമാസക്തരായ ആൾക്കൂട്ടം പുരോഹിതനെയും ഒപ്പമുണ്ടായിരുന്നവരെയും കൈയേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്തത്. റായ്പൂരിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആറുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും റായ്പൂർ എസ്പി അജയ് യാദവ് പറഞ്ഞു. അതിനിടെ, സ്റ്റേഷനിൽ നടന്ന അക്രമം നേരിടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് എസ്പിയെ സ്ഥലം മാറ്റിയതായും റിപ്പോർട്ടുണ്ട്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം നൽകിയതായും എസ്പിക്കെതിരെ പരാതിയുണ്ട്.
ഭടഗാവ് മേഖലയിൽ ക്രിസ്ത്യൻ പുരോഹിതനായ ഹരീഷ് സാഹുവിന്റെ നേതൃത്വത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് പൊലീസിൽ പരാതി ലഭിക്കുകയായിരുന്നു. തുടർന്ന് ഹരീഷിനെയും കൂടെയുണ്ടായിരുന്ന ചത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറം ജനറൽ സെക്രട്ടറി അങ്കുഷ് ബാരിയേക്കർ, സംഘടനാ പ്രവർത്തകനായ പ്രകാശ് മസീഹ് എന്നിവരെ പൊലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഇതിനു പിന്നാലെയാണ് വിവിധ ഹിന്ദുത്വ സംഘടനാ പ്രവർത്തകരായ ആൾക്കൂട്ടം സ്റ്റേഷനിലെത്തുകയും പുരോഹിതനുനേരെ അക്രമമഴിച്ചുവിടുകയും ചെയ്തത്.
പുരോഹിതനുമായി വാക്കേറ്റത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. വാക്കേറ്റം കൈയേറ്റത്തിലേക്കു നീണ്ടു. കുപിതരായ ആൾക്കൂട്ടം ചെരിപ്പും ഷൂവുമെടുത്ത് പുരോഹിതനെ മർദിക്കുകയും ചെയ്തു. സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തെത്തിയത്.
Adjust Story Font
16