Quantcast

മുസ്‌ലിം യുവാവിനുനേരെ ആള്‍ക്കൂട്ട ആക്രമണം: തെരഞ്ഞെടുപ്പിനുമുന്‍പ് വര്‍ഗീയ ലഹള ഇളക്കിവിടാന്‍ ശ്രമമെന്ന് ചിദംബരം

ഞായറാഴ്ചയാണ് ഇൻഡോറിൽ വഴിയോരത്ത് വള വിൽക്കുന്നതിനിടെ 25കാരനായ തസ്‍ലീമിനെ ആൾക്കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും പണം കവരുകയും ചെയ്തത്. സംഭവത്തില്‍ തസ്‍ലീമിനെതിരെ ഇൻഡോർ പൊലീസ് കേസെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-08-24 14:25:31.0

Published:

24 Aug 2021 2:20 PM GMT

Exam malpractice; Dharmendra Pradhan should resign: P. Chidambaram,neet,net,nta,latest newsപരീക്ഷ ക്രമക്കേട്; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണ: പി. ചിദംബരം
X

മധ്യപ്രദേശിൽ വളവിൽപനക്കാരനായ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന മന്ത്രിക്കെതിരെ വിമർശനവുമായി മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. വിവിധ സംസ്ഥാനങ്ങളിൽ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വര്‍ഗീയ ലഹളയും സംഘർഷവും ധ്രുവീകരണവും ഇളക്കിവിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇൻഡോറിൽ നടന്നതെന്ന് ചിദംബരം കുറ്റപ്പെടുത്തി. ആക്രമണത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി തന്നെ ന്യായീകരിക്കുകയാണെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതെന്നും ചിദംബരം ചോദിച്ചു.

ഗാസിയാബാദ്, കാൺപൂർ, ഇപ്പോൾ ഇൻഡോറും. ശരിയെന്താണ്, തെറ്റെന്താണെന്ന് തീരുമാനിക്കാൻ ധൈര്യപ്പെടുന്ന ഇക്കൂട്ടര്‍ ആരാണ്? ആൾക്കൂട്ട ആക്രമണത്തെയും നീതിയെയും സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി തന്നെ ന്യായീകരിക്കുകയാണെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത്? അടുത്ത ഘട്ടത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി സാമുദായിക ലഹളയും സംഘർഷവും ധ്രുവീകരണവും ഇളക്കിവിടാനുള്ള നീക്കത്തിന്റെ മുന്നോടിയാണ് ഈ സംഭവങ്ങൾ-ചിദംബരം ട്വീറ്റ് ചെയ്തു.

ഞായറാഴ്ചയാണ് ഇൻഡോറിൽ വഴിയോരത്ത് വള വിൽക്കുന്നതിനിടെ തസ്‍ലീം എന്ന പേരുള്ള മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം ആക്രമിച്ചത്. യുവാവില്‍നിന്ന് ആള്‍ക്കൂട്ടം പണം കവരുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ഹിന്ദു മേഖലയിലേക്ക് കടക്കരുതെന്ന് 25കാരനായ തസ്‍ലീമിനോട് സംഘം ഭീഷണിപ്പെടുത്തുന്നുണ്ട്. മുസ്‍ലിം വിദ്വേഷം നിറഞ്ഞ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

എന്നാൽ, സംഭവം വിവാദമായതോടെ അക്രമികൾക്ക് ന്യായീകരണവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തെത്തുകയായിരുന്നു. വള കച്ചവടം നടക്കാനായി ഹിന്ദു നാമം വ്യാജമായി ഉപയോഗിച്ചതിനാണ് നാട്ടുകാർ ആക്രമിച്ചതെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതോടൊപ്പം തസ്‍ലീമിനെതിരെയും ഇൻഡോർ പൊലീസ് കേസെടുത്തു. വ്യാജരേഖ ചമച്ചു, തട്ടിപ്പ് നടത്തി, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.

TAGS :

Next Story