ഇന്ത്യാ വിഭജനത്തിന്‍റെ വേദന ഒരിക്കലും മറക്കാനാവില്ല; ആഗസ്ത് 14 വിഭജന ഭീതി ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി
സാമൂഹിക വിഭജനം, അനൈക്യം എന്നിവ സമൂഹത്തിൽ നിന്നും തുടച്ച് നീക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
ആഗസ്ത് 14 വിഭജന ഭീതിയുടെ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി. ഇന്ത്യ വിഭജനത്തിന്‍റെ വേദന രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക വിഭജനം, അനൈക്യം എന്നിവ സമൂഹത്തിൽ നിന്നും തുടച്ച് നീക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‍തു.
''വിഭജനത്തിന്‍റെ വേദന ഒരിക്കലും മറക്കാന്‍ സാധിക്കില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും നിരവധി പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ആഗസ്ത് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കും'' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ''സാമൂഹിക വിഭജനം, പൊരുത്തക്കേട് എന്നിവയുടെ വിഷം സമൂഹത്തില്‍ നിന്നും നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും സാമൂഹിക ഐക്യവും മാനുഷിക ശാക്തീകരണവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും വിഭജന ഭീതി ദിനം ഓര്‍മ്മപ്പെടുത്തട്ടെ'' മറ്റൊരു ട്വീറ്റില്‍ പ്രധാനമന്ത്രി കുറിച്ചു.
രാജ്യം നാളെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് വേദിയാകുന്ന ഡല്‍ഹി ചെങ്കോട്ടയില്‍ വൻ സുരക്ഷ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Adjust Story Font
16