ഔറംഗാബാദ് ഇനി ഛത്രപതി സംബാജി നഗർ; ഉസ്മാനാബാദ് ധാരാശിവ്-പേരുമാറ്റി ഉത്തരവിറക്കി ഷിൻഡെ സർക്കാർ
പേരുമാറ്റത്തിൽ നേരത്തെ പൊതുജനാഭിപ്രായം തേടിയിരുന്നുവെന്നും ഇതിൽനിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു
മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രാധാന്യമുള്ള നഗരങ്ങളായ ഔറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേര് ഔദ്യോഗികമായി മാറ്റി. യഥാക്രമം ഛത്രപതി സംബാജി നഗർ, ധാരാശിവ് എന്നിങ്ങനെയാണ് പേരുമാറ്റിയത്. പേരുമാറ്റം അറിയിച്ചുകൊണ്ട് മഹാരാഷ്ട്ര സർക്കാർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
പേരുമാറ്റത്തിൽ നേരത്തെ പൊതുജനാഭിപ്രായം തേടിയിരുന്നുവെന്നും ഇതിൽനിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സബ് ഡിവിഷൻ, വില്ലേജ്, താലൂക്ക്, ജില്ലാ പേരുകളും മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ശിവസേന ആചാര്യനായിരുന്ന ബാൽതാക്കറെയാണ് ഔറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റണമെന്ന ആവശ്യം ആദ്യമായി ഉയർത്തിയത്. 2022 ജൂൺ 29ന് സർക്കാർ തകരുന്നതിനു തൊട്ടുതലേദിവസം ഉദ്ദവ് താക്കറെ ഭരണകൂടം നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനം കൈകൊണ്ടു. മഹാവികാസ് അഘാഡി സഖ്യത്തിലുണ്ടായിരുന്ന കോൺഗ്രസിന്റെയും എൻ.സി.പിയുടെയും എതിർപ്പ് മറികടന്നായിരുന്നു ഇത്.
തീരുമാനം പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴേക്കും ഏക്‌നാഥ് ഷിൻഡെയുള്ള നേതൃത്വത്തിൽ ശിവസേനയിൽ പിളരുകയും ഉദ്ദവ് സർക്കാർ തകരുകയും ചെയ്തു. ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നഗരങ്ങളുടെ പേരുമാറ്റത്തിനു മന്ത്രിസഭ അംഗീകാരവും നൽകി. ഇതിന് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരവും ലഭിച്ചു.
Summary: Aurangabad formally renamed Chhatrapati Sambhajinagar, Osmanabad as Dharashiv
Adjust Story Font
16