ഔറംഗസേബ് ഗുരുഗോവിന്ദ് സിങ്ങിന്റെ കുട്ടികളെ വാൾമുനയിൽ നിർത്തി മതംമാറ്റാൻ ശ്രമിച്ചു: മോദി
ഔറംഗസേബിന്റെ പടനീക്കത്തെ മലപോലെ ചെറുത്ത വ്യക്തിയായിരുന്നു ഗോവിന്ദ് സിങ് എന്നും മോദി അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി: അവസാനത്തെ സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിങ്ങിന്റെ കുട്ടികളെ വാൾമുനയിൽ നിർത്തി മതംമാറ്റാൻ മുഗൾ ചക്രവർത്തി ഔറംഗസേബ് ശ്രമിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരു ഗോവിന്ദ് സിങ്ങിനെയും കുടുംബത്തെയും അനുസ്മരിച്ച് ന്യൂഡൽഹി മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ നടന്ന വീർ ബാൽ ദിവാസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടിറങ്ങിയ ഔറംഗസേബിന്റെ മുന്നിൽ നിശ്ചയ ദാർഢ്യത്തോടെ നിന്ന വ്യക്തിയാണ് ഗുരു ഗോവിന്ദ് സിങ്. ഔറംഗസേബിന്റെ പടനീക്കത്തെ മലപോലെ ചെറുത്ത വ്യക്തിയായിരുന്നു ഗോവിന്ദ് സിങ് എന്നും മോദി അഭിപ്രായപ്പെട്ടു.
സാഹിബ്‌സാദുകളുടെ മാതൃകാപരമായ ധൈര്യത്തിന്റെ കഥയെക്കുറിച്ച് പൗരന്മാരെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ അറിയിക്കാനും ബോധവൽക്കരിക്കാനും രാജ്യത്തുടനീളം സംവേദനാത്മകവും പങ്കാളിത്തപരവുമായ പരിപാടികൾ സർക്കാർ സംഘടിപ്പിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
"ഒരു വശത്ത് തീവ്രവാദവും മറുവശത്ത് ആത്മീയതയും ഉണ്ടായിരുന്നു. ഒരു വശത്ത് വർഗീയ കലാപം ഉണ്ടായപ്പോൾ മറുവശത്ത് ലിബറലിസം. ഒരു വശത്ത് ലക്ഷക്കണക്കിന് ശക്തികൾ ഉണ്ടായിരുന്നു, മറുവശത്ത് ഒട്ടും കുലുങ്ങാത്ത വീർ സാഹിബ്സാദെ മാത്രമായിരുന്നു"- മോദി കൂട്ടിച്ചേർത്തു.
ഗുരു ഗോവിന്ദ് സിങ്ങിന്റെ മക്കളായ സാഹിബ്സാദ സൊരാവർ സിങ്ങിന്റെയും സാഹിബ്സാദ ഫത്തേ സിങ്ങിന്റെയും രക്തസാക്ഷിത്വത്തിന്റെ സ്മരണയ്ക്കായി ഡിസംബർ 26 'വീർബാൽ ദിവസ്' ആയി ആചരിക്കുമെന്ന് ജനുവരി ഒമ്പതിന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചടങ്ങ്.
Adjust Story Font
16