'അബദ്ധത്തിൽ സംഭവിച്ചത്, അദ്ദേഹം സോറി പറഞ്ഞു'; വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നത് തേജസ്വി സൂര്യ തന്നെയെന്ന് മന്ത്രി
പ്രതിപക്ഷ പാർട്ടികൾ വിമർശനമുന്നയിച്ച സാഹചര്യത്തിലാണ് വ്യോമയാന മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
ന്യൂഡൽഹി: പറന്നുയരുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നത് യുവമോർച്ച നേതാവും ബി.ജെ.പി എം.പിയുമായ തേജസ്വി സൂര്യയെന്ന് സ്ഥിരീകരിച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും അദ്ദേഹം ഇക്കാര്യത്തിൽ ക്ഷമാപണം നടത്തിയെന്നും വ്യോമയാന മന്ത്രി പറഞ്ഞു.
ഡിസംബർ 10-നാണ് ചെന്നൈയിൽനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകാനൊരുങ്ങുകയായിരുന്ന വിമാനം നീങ്ങിത്തുടങ്ങുമ്പോൾ ഒരു യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നത്. ഇതിനെ തുടർന്ന് വിമാനം രണ്ട് മണിക്കൂർ വൈകിയിരുന്നു. വാതിൽ തുറന്ന യാത്രക്കാരന്റെ പേരുവിവരം ഡി.ജി.സി.എയോ ഇൻഡിഗോ അധികൃതരോ പുറത്തുവിട്ടിരുന്നില്ല.
അതിനിടെ എമർജൻസി വാതിൽ തുറന്നത് തേജസ്വി സൂര്യയാണെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തലുണ്ടായി. പക്ഷേ ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ തേജസ്വി സൂര്യ തയ്യാറായിരുന്നില്ല. സംഭവം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി വ്യോമയാന മന്ത്രി തന്നെ രംഗത്തെത്തിയത്.
തേജസ്വി സൂര്യ കൈ എമർജൻസി വാതിലിൽ വെച്ചപ്പോൾ അബദ്ധത്തിൽ വാതിൽ തുറന്നുപോയതാണ് എന്നാണ് വിശദീകരണം. അദ്ദേഹത്തിൽനിന്ന് ക്ഷമാപണം എഴുതി വാങ്ങിയെന്നും മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തിയ ശേഷമാണ് യാത്ര തുടർന്നതെന്നുമാണ് സഹയാത്രികർ പറയുന്നത്.
Adjust Story Font
16