യുപിയില്‍ യോഗി ആദിത്യനാഥ് ദൈവമായി; ക്ഷേത്രവും വിഗ്രഹവും സ്ഥാപിച്ചു, ഭജന സിഡികള്‍ ഉടന്‍
കൂടാതെ എല്ലാ വൈകുന്നേരങ്ങളിലും ആരതിയും നടത്തുന്നുണ്ട്
അയോധ്യ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പൂജിക്കാനും ആരാധിക്കാനുമായി ക്ഷേത്രം. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ അയോധ്യ - പ്രയാഗ്‌രാജ് ഹൈവേയിൽ ഭാദർസ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തി പുഞ്ചിരിയോടെ നില്‍ക്കുന്ന യോഗിയുടെ വിഗ്രഹവും അമ്പലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ വൈകുന്നേരങ്ങളിലും ആരതിയും നടത്തുന്നുണ്ട്.
അദ്ദേഹത്തെ ശ്രീരാമന്‍റെ അവതാരമായി കണ്ടാണ് പ്രാര്‍ഥന. ആരതി സമയത്ത് മുഖ്യമന്ത്രിയെ സ്തുതിക്കുന്ന ഭജനകള്‍ ആലപിക്കും. ''യോഗി ആദിത്യനാഥ് ഞങ്ങൾക്കായി രാമക്ഷേത്രം നിർമ്മിച്ചു, താൻ അദ്ദേഹത്തിനായി ഈ ക്ഷേത്രം പണിതുവെന്ന്'' ക്ഷേത്രം പണികഴിപ്പിച്ച പ്രഭാകർ മൗര്യ പറഞ്ഞു. അയോധ്യയില്‍ ശ്രീരാമന് ക്ഷേത്രം പണിയുന്ന വ്യക്തിയുടെ പേരില്‍ താന്‍ ക്ഷേത്രം പണിയുമെന്നത് തന്‍റെ ദൃഢനിശ്ചയമായിരുന്നുവെന്ന് മൗര്യ പറയുന്നു. രാമക്ഷേത്രം പൂർത്തിയാകുന്നതിനു മുമ്പുതന്നെ, അയോധ്യയിലെ വലിയ തീര്‍ഥാടന കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ക്ഷേത്രം.
ക്ഷേത്രവും പ്രാര്‍ഥനയും പ്രോത്സാഹിപ്പിക്കുന്നതിനായി ഭജനകളുടെ ഓഡിയോ, വീഡിയോ സി.ഡികള്‍ തയ്യാറാക്കി വരികയാണ്. ശ്രീരാമന്‍റെ സഹോദരനായ ഭരതന്‍ 14 വര്‍ഷം അയോധ്യയുടെ ഭരണം ഏറ്റെടുത്തതായി വിശ്വസിക്കപ്പെടുന്ന ഭാരത് കുണ്ഡ് എന്ന സ്ഥലത്താണ് യോഗി ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. യോഗി മഹാരാജിന്‍റെ ഉയരം 5.4 അടിയാണെന്നും അതിനാല്‍ പ്രതിഷ്ഠിച്ച വിഗ്രഹം വലുതാണെന്നും വിഗ്രഹത്തിലെ വസ്ത്രങ്ങളിലും ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും മൗര്യ പറഞ്ഞു. യു.പിയിലെ ബരാബങ്കി ജില്ലയില്‍ നിന്നുള്ള മൗര്യയുടെ സുഹൃത്താണ് വിഗ്രഹം കൊത്തിയെടുത്തത്. ഏകദേശം രണ്ട് മാസമെടുത്താണ് വിഗ്രഹം പൂര്‍ത്തിയാക്കിയത്.
Adjust Story Font
16