ബാബ സിദ്ദീഖി വധത്തിൽ മുഖ്യപ്രതി യുപിയിൽ അറസ്റ്റിൽ
നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി ശിവകുമാർ ഗൗതം പൊലീസിന്റെ പിടിയിലായത്
ലഖ്‌നൗ: എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദീഖിയുടെ വധത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ശിവകുമാർ ഗൗതമിനെയാണ് ഉത്തർപ്രദേശിൽനിന്ന് മുംബൈ പൊലീസ് പിടികൂടിയത്. പ്രതിയെ സഹായിച്ച നാലുപേർ കൂടി അറസ്റ്റിലായിരുന്നു. നേപ്പാളിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു ശിവകുമാർ.
യുപിയിലെ ബഹ്‌റായിച്ചിൽനിന്നാണ് മുംബൈ-ഉത്തർപ്രദേശ് പൊലീസ് സംയുക്തമായി നടത്തിയ ഓപറേഷനിൽ ശിവകുമാറിനെ വലയിലാക്കിയത്. ഇയാൾക്ക് താമസസൗകര്യമൊരുക്കിയ അനുരാഗ് കശ്യപ്, ഗ്യാൻപ്രകാശ് തൃപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേഷേന്ദ്ര പ്രതാപ് സിങ് എന്നിവരാണ് ഒപ്പം പിടിയിലായത്. ശിവകുമാർ ആണ് ബാബ സിദ്ദീഖിക്കുനേരെ വെടിവച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ലോറൻസ് ബിഷ്‌ണോയ് അധോലോക സംഘവുമായി ബന്ധമുണ്ട് ഇയാൾക്ക്. ഇയാൾ മുഖേനെയായിരുന്നു എൻസിപി നേതാവിനെ വധിക്കാനുള്ള വിവരങ്ങലെല്ലാം സംഘം കൈമാറിയിരുന്നത്.
കഴിഞ്ഞ ഒക്ടോബർ 12നാണ് മുംബൈയിലെ ബാന്ദ്രയിൽ ബാബ സിദ്ദീഖി കൊല്ലപ്പെട്ടത്. മൂന്ന് തോക്കുധാരികൾ ചേർന്നാണ് അദ്ദേഹത്തെ ആക്രമിക്കുകയും നിറയൊഴിക്കുകയും ചെയ്തത്. സംഭവത്തിൽ ഇതുവരെ 20 പേർ അറസ്റ്റിലായിട്ടുണ്ട്.
Summary: Main accused in Baba Siddique's murder case arrested from UP
Adjust Story Font
16