സൽമാന്റെയും ഷാരൂഖിന്റെയും പിണക്കംമാറ്റിയ ബാബാ സിദ്ദീഖി; രാഷ്ട്രീയത്തിന് അപ്പുറവും ബന്ധങ്ങൾ
2013ൽ ബാബാ സിദ്ദീഖി സംഘടിപ്പിച്ചൊരു ഇഫ്താർ വിരുന്നിനിടെയാണ് അഞ്ച് വർഷത്തെ ശീതസമരത്തിന് വീരാമമിട്ട് ഷാറൂഖും സൽമാനും ഒന്നിക്കുന്നത്
മുംബൈ: മുൻ മന്ത്രിയും മഹാരാഷ്ട്രയിലെ തലയെടുപ്പുള്ള രാഷ്ട്രീയ നേതാവുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. വൈ കാറ്റഗറി സുരക്ഷയുണ്ടായിരുന്നൊരു നേതാവിന് എങ്ങനെ വെടിയേറ്റു എന്നും എന്തിന് അദ്ദേഹത്തെ കൊലപ്പെടുത്തി എന്നതും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു.
വെറുമൊരു രാഷ്ട്രീയ നേതാവ് അല്ല അദ്ദേഹം. തന്റെ പ്രവർത്തന മണ്ഡലമായ രാഷ്ട്രീയത്തിനപ്പുറം പ്രത്യേകിച്ച് ബോളിവുഡിൽ ബന്ധങ്ങളുള്ള നേതാവ് കൂടിയാണ് ബാബാ സിദ്ദീഖി. ഖാൻമാരായ ഷാറൂഖും സൽമാനും തമ്മിലെ പിണക്കം മാറ്റാൻ ഒരാൾക്ക് സാധിക്കണമെങ്കിൽ അയാൾ എത്ര ശക്തനായിരിക്കണം, അതാണ് ബാബാ സിദ്ദീഖി. ഒരു ഘട്ടത്തിൽ പിണങ്ങി നിന്ന ഷാറൂഖിനെയും സൽമാൻ ഖാനെയും ഇണക്കാൻ സിദ്ദീഖിക്ക് കഴിഞ്ഞു.
2013ലായിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഈ രണ്ട് താരങ്ങളെയും ഒന്നിപ്പിച്ചത്. ഇടയ്ക്കിടെ സംഘർഷങ്ങളും പരസ്യമായ അഭിപ്രായവ്യത്യാസങ്ങളും കാരണം ഇരുവരും ഏറെ നാള്‍ അകല്‍ച്ചയിലായിരുന്നു. 2013ൽ ബാബാ സിദ്ദിഖി സംഘടിപ്പിച്ചൊരു ഇഫ്താർ വിരുന്നിനിടെയാണ് അഞ്ച് വര്‍ഷത്തെ ശീതസമരത്തിന് വീരാമമിട്ട് ഇരുവരും ഒന്നിക്കുന്നത്.
2008ൽ നടി കത്രീന കൈഫിന്റെ പിറന്നാൾ പാർട്ടിയിലായിരുന്നു ഇരുവരും അതിന് മുൻപ് ഒരുമിച്ചെത്തിയത്. ഈ ആഘോഷച്ചടങ്ങിനിടെ നടന്ന അസ്വാരസ്യങ്ങളാണ് ഇരുവരുടേയും പിണക്കത്തിലേക്ക് വഴിയൊരുക്കിയത്.
2013ൽ നടന്ന ഇഫ്താറിന് ഷാരൂഖ് ഖാൻ, സൽമാൻ ഖാന്റെ പിതാവ് സലിംഖാൻ എന്നിവര്‍ക്കൊപ്പമാണ് ബാബാ സിദ്ദീഖി ഇരുന്നത്. സലിം ഖാനുമായി സംസാരിച്ചുകൊണ്ടിരുന്ന ഷാരൂഖിനടുത്തേക്ക് സൽമാൻ എത്തുകയായിരുന്നു. പിന്നാലെ സംഭവിച്ചൊരു ആലിംഗനത്തിലൂടെ ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകി. അന്ന് ഇരുവരും ആലിംഗനം ചെയ്യുന്ന ചിത്രം സിനിമാ ലോകമെങ്ങും വലിയ ചർച്ചയുമായിരുന്നു. ഈ ആലിംഗന ചിത്രം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിദ്ദീഖി സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്ന് ഏറെ പ്രസിദ്ധമാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാംസ്‌കാരിക സിനിമാ രംഗത്തെ പ്രമുഖരൊക്കെ അവിടേക്ക് എത്താറുണ്ട്.
സൽമാൻ ഖാനുമായാണ് ഏറെ അടുപ്പം. സൽമാൻ ഖാനെ വിളിക്കാതെ ഒരു ഇഫ്താർ ചടങ്ങും അദ്ദേഹം സംഘടിപ്പിച്ചിട്ടില്ല. കഴിഞ്ഞവർഷം നടത്തിയ ഇഫ്താർ വിരുന്നിലും സൽമാൻ ഖാൻ പങ്കെടുത്തിരുന്നു. ബാബാ സിദ്ദീഖിയുടെ മരണവാർത്തയറിഞ്ഞ് താൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റിഷോയുടെ ചിത്രീകരണം അവസാനിപ്പിച്ച് സല്‍മാന്‍ ഖാന്‍ ആശുപത്രിയിലേക്ക് വിട്ടതൊക്കെ ഈ ബന്ധത്തിന്റ തെളിവാണ്.
അതേസമയം സൽമാൻ ഖാന് നേരെയുണ്ടായ വധശ്രമത്തിന് പിന്നിലെ ബിഷ്‌ണോയ് സംഘമാണ്, ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നതും ഈ അടുപ്പംകൊണ്ടാണ്. ഈ വഴിക്കുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കേസിലെ പ്രതിയായ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയ്ക്ക് ഇതില്‍ പങ്കുണ്ടെന്ന സംശയം പൊലീസിനുണ്ട്. രാഷ്ട്രീയമായാലും സിനിമയായാലും ജനങ്ങളെ സംഘടിപ്പിക്കാനും അവരുടെ പ്രശ്‌നത്തിൽ ഇടപെടാനുമൊക്കെയുള്ള അജിത് പവാർ വിഭാഗം എൻസിപി നേതാവ് കൂടിയായ അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
Adjust Story Font
16