ബാബരി മസ്ജിദ് അയോധ്യയിൽ ഇപ്പോഴും നിലനിൽക്കുന്നു -ഉവൈസി
'ബാബരി മസ്ജിദ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തോടെയാണ് ലോക്സഭയിൽ പ്രസംഗം അവസാനിപ്പിച്ചത്
ന്യൂഡൽഹി: ബാബരി മസ്ജിദ് അയോധ്യയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. ലോക്‌സഭയിൽ രാമക്ഷേത്ര നിർമാണം സംബന്ധിച്ച ചർച്ചക്ക് മറുപടി പറയുകയായിരുന്നു ഉവൈസി.
‘പള്ളി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അത് അവിടെ തന്നെ തുടരുമെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. ബാബരി മസ്ജിദ് അന്നും ഇന്നും നിലനിൽക്കുന്നു. ബാബരി മസ്ജിദ് നീണാൾ വാഴട്ടെ, ഇന്ത്യ നീണാൾ വാഴട്ടെ, ജയ് ഹിന്ദ്’ -ഉവൈസി പറഞ്ഞു.
ജനുവരി 22ന് ഒരു മതം മറ്റൊന്നിന്റെ മേൽ വിജയം നേടിയെന്ന പ്രതീതിയാണ് ബി.ജെ.പി സർക്കാർ നൽകുന്നത്. മോദി സർക്കാർ ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ സർക്കാറാണോ അതോ രാജ്യത്തിന്റെ മുഴുവൻ സർക്കാറാണോ എന്ന് താൻ ചോദിക്കുകയാണ്. ഇന്ത്യൻ സർക്കാറിന് മതമുണ്ടോ? ഈ രാജ്യത്തിന് ഒരു മതവുമില്ലെന്ന് താൻ വിശ്വസിക്കുന്നു.
രാജ്യത്തെ 17 കോടി മുസ്ലിംകൾക്ക് എന്ത് സന്ദേശമാണ് നിങ്ങൾ നൽകുന്നത്? ഞാൻ ബാബറിന്റെയോ ജിന്നയുടെയോ അതോ ഔറംഗസേബിന്റെയോ വക്താവാണോ? ഞാൻ ശ്രീരാമനെ ബഹുമാനിക്കുന്നു, എന്നാൽ ഹേ റാം എന്ന് അവസാനമായി പറഞ്ഞ വ്യക്തിയെ (ഗാന്ധിജി) കൊന്നതിനാൽ നാഥുറാം ഗോഡ്‌സെയെ താൻ വെറുക്കുന്നു. ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തത് മോദി സർക്കാർ ആഘോഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'ബാബരി മസ്ജിദ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തോടെയാണ് ഉവൈസി പ്രസംഗം അവസാനിപ്പിച്ചത്.
അയോധ്യയിലെ രാമക്ഷേത്ര നിർമാണം ചരിത്ര നേട്ടമായി വിശേഷിപ്പിക്കുന്ന പ്രമേയം പാർലമെന്റ് കഴിഞ്ഞദിവസം പാസാക്കിയിരുന്നു. രാമക്ഷേത്ര നിർമാണം, പ്രാണപ്രതിഷ്ഠ എന്നിവ മുൻനിർത്തി നടത്തിയ പ്രത്യേക ചർച്ചക്കൊടുവിലായിരുന്നു പ്രമേയം പാസാക്കിയത്. രാമക്ഷേത്ര നിർമാണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായിട്ടാണ് പ്രമേയത്തിൽ പറയുന്നത്.
ലോക്സഭയിൽ സ്പീക്കർ ഓം ബിർലയും രാജ്യസഭയിൽ ഉപരാഷ്ട്രപതി കൂടിയായ അധ്യക്ഷൻ ജഗദീപ് ധൻഖറുമാണ് പ്രമേയം അവതരിപ്പിച്ചത്. ‘ജയ് ശ്രീറാം’ വിളികളോടെ ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു.
പാർലമെന്റ് സമ്മേളനം നിശ്ചയിച്ചതിൽനിന്ന് വ്യത്യസ്തമായി ഒരു ദിവസത്തേക്കുകൂടി നീട്ടിയാണ് സർക്കാർ പ്രാണപ്രതിഷ്ഠ ചർച്ച അജണ്ടയായി കൊണ്ടുവന്നത്. രാമക്ഷേത്ര നിർമാണം വരുംതലമുറകൾക്ക് പ്രത്യാശയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ പകർന്നുനൽകുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട ഭരണക്രമത്തിന്റെയും ജനക്ഷേമത്തിന്റെയും പുതിയ കാലഘട്ടത്തിലാണ് രാമക്ഷേത്രം ഉയർന്നത്. ഏക ഭാരതം, ശ്രേഷ്ഠഭാരതമെന്ന വികാരത്തിന്റെ പ്രതീകമാണ് രാമക്ഷേത്രമെന്നും പ്രമേയത്തിൽ പറയുന്നു.
Adjust Story Font
16