വായുമലിനീകരണം ഇന്ത്യയിൽ ഓരോ വർഷവും 'കൊന്നൊടുക്കുന്നത്' 15 ലക്ഷം മനുഷ്യരെ; ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി പുതിയ പഠനം
പിഎം2.5 എന്ന പേരിൽ അറിയപ്പെടുന്ന സൂക്ഷ്മ മലിനീകരണമാണ് 2009-2019 കാലയളവിൽ രാജ്യത്ത് ഭീകരമായ തോതിൽ മരണം വിതച്ചതെന്നാണു പുതിയ പഠനം വെളിപ്പെടുത്തുന്നത്
ന്യൂഡൽഹി: വായുമലിനീകരണം ഇന്ത്യയിൽ ഓരോ വർഷവും 15 ലക്ഷം പേരുടെ ജീവനെടുക്കുന്നതായി കണ്ടെത്തൽ. പിഎം2.5 എന്ന പേരിൽ അറിയപ്പെടുന്ന സൂക്ഷ്മ മലിനീകരണമാണ് 2009-2019 കാലയളവിൽ രാജ്യത്ത് ഭീകരമായ തോതിൽ മരണം വിതച്ചതെന്നാണു പുതിയ പഠനം വെളിപ്പെടുത്തുന്നത്. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ 'ലാൻസെറ്റ് പ്ലാനെറ്ററി ഹെൽത്ത്' ആണു പഠനം പുറത്തുവിട്ടത്.
വായുവിൽ വ്യാപകമായ അതിസൂക്ഷ്മ മലിനീകരണ കണികകൾ ശ്വാസകോശത്തിലും രക്തധമനികളിലും പ്രവേശിച്ചു ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ലാൻസെറ്റ് പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 140 കോടി ജനസംഖ്യയും ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന വാർഷിക പരിധിയും കടന്നുള്ള അന്തരീക്ഷ മാലിന്യവും ശ്വസിച്ചാണു കഴിയുന്നതെന്നും ഇതിൽ വെളിപ്പെടുത്തുന്നുണ്ട്.
ക്യൂബിക് മീറ്ററിന് 40 മൈക്രോൺ ആണ് ഇന്ത്യൻ നാഷനൽ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേഡ്‌സ് നിർദേശിക്കുന്ന വായു മലിനീകരണ പരിധി. ഈ പരിധിയും കടന്നുള്ള ഭീകരമായ സ്ഥിതിയിലാണ് ഇന്ത്യൻ ജനസംഖ്യയുടെ 82 ശതമാനവും(ഏകേദശം 110 കോടി പേർ) കഴിയുന്നതെന്ന് അശോക സർവകലാശാലയിലെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലെ ഗവേഷകർ കണ്ടെത്തിയിരുന്നു.
പിഎം2.5 പരിധിയിലുള്ള വായു ശ്വസിച്ചാണ് രാജ്യത്ത് പ്രതിവർഷം 15 ലക്ഷം മരണങ്ങൾ സംഭവിക്കുന്നതെന്നാണ് ലാൻസെറ്റ് പഠനം പറയുന്നത്. 2009നും 2019നും ഇടയിലുള്ള ഒരു ദശകത്തിനിടെ ഒന്നര കോടിയിലധികം പേരുടെ മരണത്തിന് വായുമലിനീകരണം കാരണമായി. 2019ൽ പ്രതിവർഷ മരണനിരക്ക് 18 ലക്ഷമായി ഉയർന്നിരുന്നു. ആഗോളതലത്തിലുള്ള വിവിധ വായു ഗുണനിലവാര മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ ഇന്ത്യയിലെ സ്ഥിതി വളരെ മോശം നിലയിലാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ പൗരന്മാർ ദിവസവും വളരെ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണത്തിലാണു ജീവിക്കുന്നതെന്ന് 'ലാൻസെറ്റ്' പഠനത്തിൽ സഹഗവേഷകയായ അശോക സർവകലാശാലയിലെ സുഗന്ധി ജഗന്നാഥൻ പറഞ്ഞു. പിഎം2.5 എന്ന സൂക്ഷ്മ മലിന കണങ്ങൾക്ക് ഒട്ടേറെ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ട്. ഇവ രക്തത്തിലും ശ്വസനനാളിയിലും പ്രവേശിച്ചാൽ ദൂരവ്യാപകമായ അനന്തരഫലങ്ങളാണുണ്ടാക്കുക. ഗർഭസ്ഥശിശുക്കളെ ഉൾപ്പെടെ ഇതു ഗുരുതരമായി ബാധിക്കുമെന്നും സുഗന്ധി കൂട്ടിച്ചേർത്തു.
Adjust Story Font
16