പ്രിയങ്കക്കെതിരായ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് രമേശ് ബിധൂഡി
പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പിൻവലിക്കുകയാണെന്ന് ബിധൂഡി പറഞ്ഞു.
ന്യൂഡൽഹി: വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ് രമേശ് ബിധൂഡി. പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പിൻവലിക്കുകയാണ് എന്ന് ബിധൂഡി പറഞ്ഞു.
'പല നേതാക്കളും സമാന പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാത്തവർ ഇന്ന് എതിർപ്പ് ഉയർത്തുന്നു. താൻ സ്ത്രീകളെ ബഹുമാനിക്കുന്നു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ്'-രമേശ് ബിധൂഡി പറഞ്ഞു. പ്രിയങ്കാ ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് ബിധൂഡിയുടെ ഖേദ പ്രകടനം.
താൻ ജയിച്ചുകഴിഞ്ഞാൽ തന്റെ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകളെപ്പോലെ മൃദുലമാക്കുമെന്നായിരുന്നു ഡൽഹി കൽക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ രമേശ് ബിധൂഡിയുടെ പരാമർശം. തന്റെ മണ്ഡലത്തിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മൃദുലമാക്കുമെന്ന് പണ്ട് ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഇന്ത്യാ ടുഡെയോട് ബിധൂഡി പ്രതികരിച്ചത്. പ്രിയങ്കാ ഗാന്ധിയേക്കാൾ വളരേയധികം നേട്ടങ്ങളുള്ള സ്ത്രീയാണ് ഹേമമാലിനി എന്നും ബിധൂഡി പറഞ്ഞിരുന്നു.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നിരുന്നു. 'ബിജെപി ഒരു സ്ത്രീ സൗഹാർദ പാർട്ടിയല്ല, ബിധൂഡിയുടെ പരാമർശങ്ങൾ സ്ത്രീകളെക്കുറിച്ചുള്ള ബിജെപിയുടെ വികൃതമായ മനോഭാവം വെളിവാക്കുന്നു' എന്നായിരുന്നു കോൺഗ്രസ് വക്താവ് സുപ്രിയ ഷിന്റെയുടെ പ്രതികരണം.
Adjust Story Font
16