Quantcast

ഗൗരി ലങ്കേഷ് വധം: പ്രതി മോഹൻ നായകിന് ജാമ്യം

കേസിൽ വിചാരണ വൈകിയത് പ്രതിയുടെ കുറ്റമല്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച്

MediaOne Logo

Web Desk

  • Published:

    9 Dec 2023 2:38 AM GMT

ഗൗരി ലങ്കേഷ് വധം: പ്രതി മോഹൻ നായകിന് ജാമ്യം
X

ബംഗളൂരു: എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയായ മോഹൻ നായകിനു ജാമ്യം. കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് നായക്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കോടതിയിലെത്തിയ 23 സാക്ഷികളിൽ ഒരാൾ പോലും സംഭവവുമായി മോഹൻ നായകിനു നേരിട്ടു ബന്ധമുള്ളതായി ചൂണ്ടിക്കാട്ടിയില്ലെന്ന് വിധിയിൽ ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി പറഞ്ഞു. ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ കുംബളഗോഡുവിൽ നായക് ഒരു വീട് വാടകയെക്കെടുത്തതിനെ കുറിച്ചുള്ള വിവരങ്ങളാണു മിക്ക സാക്ഷികളും പറഞ്ഞതെന്നും കോടതി സൂചിപ്പിച്ചു. എന്നാൽ, യഥാർത്ഥ പ്രതികൾക്ക് അഭയമൊരുക്കിയയാളാണ് മോഹൻ നായകെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ, കേസിലെ കുറ്റസമ്മതമൊഴികളും കോടതി ചോദ്യംചെയ്തു. കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ടിന്(കോക്ക) അംഗീകാരം ലഭിക്കുംമുൻപാണ് കുറ്റസമ്മത മൊഴികൾ രേഖപ്പെടുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് കോക്കയിലെ 19-ാം വകുപ്പ് ഇവയ്ക്കു ബാധകമല്ല. ഇനി കോക്കയിലെ കുറ്റങ്ങൾ ശരിയാണെന്നു തെളിയിക്കപ്പെട്ടാലും ഇവർ ചെയ്തതിനു വധശിക്ഷയോ ജീവപര്യന്തമോ നൽകാവുന്നതല്ല. പരമാവധി അഞ്ചു വർഷത്തെ തടവുശിക്ഷയേ നൽകാനാകൂവെന്നും കോടതി വ്യക്തമാക്കി.

ഗൗരി ലങ്കേഷ് വധത്തിൽ 11-ാം പ്രതിയാണ് മോഹൻ നായക്. മറ്റു പ്രതികൾക്കൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് ഇയാൾക്കെതിരായ കുറ്റം. ബംഗളൂരുവിലെ പ്രാന്തപ്രദേശമായ രാമനഗരത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇതിനായി ഒരു വീട് വാടകയ്‌ക്കെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിലെ രണ്ട്, മൂന്ന് പ്രതികൾ താമസിച്ചത് ഇവിടെയായിരുന്നു.

അഞ്ചുവർഷത്തിലേറെ നീണ്ട തടവുശിക്ഷ കൂടി ചൂണ്ടിക്കാട്ടിയാണ് നായകിനു കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ വൈകിയത് പ്രതിയുടെ കുറ്റമല്ല. മുൻപ് രണ്ടു തവണ പ്രതിയുടെ ജാമ്യം കോടതി നിഷേധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് വിശ്വജിത്ത് സൂചിപ്പിച്ചു. അഡ്വ. അമർ കൊറിയയാണ് പ്രതിക്കു വേണ്ടി ഹാജരായത്. സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അശോഖ് എ നായിക് പ്രോസിക്യൂഷനു വേണ്ടിയും കോടതിയിൽ വാദങ്ങൾ അവതരിപ്പിച്ചു.

2017 സെപ്റ്റംബർ അഞ്ചിനാണ് രാജ്യത്തെ ഞെട്ടിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകം നടന്നത്. ബംഗളൂരുവിലെ വീടിനു പുറത്ത് ബൈക്കിലെത്തിയ അക്രമിസംഘം നിരവധി തവണ അവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ ദാരുണാന്ത്യവും സംഭവിച്ചു. രാജ്യവ്യാപകമായി വൻ പ്രതിഷേധം ആളിക്കത്തിയ സംഭവത്തിൽ 17 പേരാണ് അറസ്റ്റിലായത്. ആകെ 527 സാക്ഷികളുണ്ടെങ്കിലും ഇതിൽ 90 പേരെ മാത്രമാണ് ഇതുവരെ കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്.

സാമൂഹികപ്രവർത്തകയും രാജ്യത്തുതന്നെ അറിയപ്പെട്ട നിർഭയ മാധ്യമപ്രവർത്തനത്തിന്റെ മുഖവുമായി ഗൗരി ലങ്കേഷ്. പിതാവ് പി. ലങ്കേഷ് ആരംഭിച്ച കന്നഡ വാരികയായ 'ലങ്കേഷ് പത്രികെ'യുടെ പത്രാധിപരായിരുന്നു. 'ഗൗരി ലങ്കേഷ് പത്രികെ' എന്ന പേരിൽ സ്വന്തമായൊരു പ്രസിദ്ധീകരണവും നടത്തി. തീവ്ര വലതുപക്ഷ ഭീകരതയ്‌ക്കെതിരെ സംസാരിച്ചതിന് അന്ന പൊളിറ്റ്‌കോവ്‌സ്‌കായ പുരസ്‌കാരം ഉൾപ്പെടെ ലഭിച്ചിരുന്നു.

Summary: Karnataka High Court grants bail to Gauri Lankesh murder accused Mohan Nayak

TAGS :

Next Story