റെയിൽവേ ഭൂമിയിൽ ക്ഷേത്രം; കൈയേറ്റം നീക്കാൻ സാക്ഷാൽ ഹനുമാന് നോട്ടീസ് അയച്ച് അധികൃതർ
റെയിൽവേ ഭൂമിയിലെ കൈയേറ്റം ഏഴ് ദിവസത്തിനകം നീക്കണം എന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
ഭോപ്പാൽ: റെയിൽവേ ഭൂമിയിലെ ക്ഷേത്രത്തിന്റെ കൈയേറ്റം നീക്കണമെന്നാവശ്യപ്പെട്ട് ഹനുമാൻ വിഗ്രഹത്തിന് നോട്ടീസ് അയച്ച് അധികൃതർ. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ സബർൽഗഢ് ടൗൺ റെയിൽ സ്റ്റേഷന് സമീപമുള്ള ബജ്രംഗ്ബലി ക്ഷേത്രത്തിലേക്കാണ് അധികൃതർ നോട്ടീസ് നൽകിയത്.
റെയിൽവേ ഭൂമിയിലെ കൈയേറ്റം ഏഴ് ദിവസത്തിനകം നീക്കണം എന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. നിശ്ചിത ദിവസത്തിനകം കൈയേറ്റം നീക്കിയില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്ന് ഫെബ്രുവരി എട്ടിനയച്ച നോട്ടീസിൽ പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ നോട്ടീസ് പതിക്കുകയും ചെയ്തു.
നിർമാണം നീക്കം ചെയ്യാൻ റെയിൽവേയ്ക്ക് നടപടി സ്വീകരിക്കേണ്ടിവന്നാൽ കൈയേറ്റക്കാരൻ അതിന്റെ ചെലവ് നൽകേണ്ടിവരുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. എന്നാൽ നോട്ടീസ് വൈറലാവുകയും വിവാദമാവുകയും ചെയ്തതോടെ അബദ്ധം മനസിലായ റെയിൽവേ അധികൃതർ ഇത് പിൻവലിച്ചു.
തുടർന്ന് ക്ഷേത്രത്തിലെ പൂജാരിയുടെ പേരിൽ പുതിയ നോട്ടീസ് അയച്ചു. ആദ്യ നോട്ടീസ് തെറ്റായി നൽകിയതാണെന്ന് ഝാൻസി റെയിൽവേ ഡിവിഷൻ പി.ആർ.ഒ മനോജ് മാത്തൂർ പറഞ്ഞു.
'പുതിയ നോട്ടീസ് ക്ഷേത്ര പൂജാരിക്ക് നൽകിയിട്ടുണ്ട്'- അദ്ദേഹം കൂട്ടിച്ചേർത്തു. ബജ്രംഗ് ബലി, സബൽഗഢ് എന്ന പേരിലായിരുന്നു ഝാൻസി റെയിൽവേ ഡിവിഷൻ സീനിയർ സെക്ഷൻ എഞ്ചിനീയർ ആദ്യം നോട്ടീസ് അയച്ചത്.
ഗ്വാളിയോർ- ഷിയോപൂർ ബ്രോഡ് ഗേജിന്റെ നിർമാണം പുരോഗമിക്കുകയാണ്. മൊറേന ജില്ലയിലെ സബൽഗഢ് പ്രദേശത്ത് ബ്രോഡ് ഗേജ് ലൈനിന് നടുവിലാണ് ഭഗവാൻ ബജ്രംഗ് ബലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാത്രമല്ല, ക്ഷേത്രം റെയിൽവേ വക സ്ഥലത്താണു താനും.
പാതയുടെ നിർമാണത്തിനായി അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യേണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സാക്ഷാൽ ഹനുമാന് തന്നെ നോട്ടീസ് അയച്ച് ഉദ്യോഗസ്ഥർ പുലിവാല് പിടിച്ചത്. തുടർന്ന് ഫെബ്രുവരി 10നാണ് പൂജാരിയായ ഹരിശങ്കർ ശർമയുടെ പേരിൽ റെയിൽവേ അധികൃതർ പുതിയ നോട്ടീസ് നൽകിയത്.
Adjust Story Font
16