സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ സ്‌കൂളിൽ കയറ്റിയില്ല; പ്രതിഷേധവുമായി ബജ്‌റംഗ്ദൾ
സിന്ദൂരം മത ചിഹ്നമല്ലെന്നും രാജ്യത്തെ സാംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതിനാൽ വിദ്യാലയങ്ങളിൽ നിരോധിക്കപ്പെടരുതെന്നും പ്രമോദ് മുത്തലിക്ക്
വിജയ്പുരയിൽ സിന്ദൂരം (vermilion) ചാർത്തിയെത്തിയ വിദ്യാർഥിയെ സ്‌കൂളിൽ കയറ്റാത്തതിൽ പ്രതിഷേധിച്ച് ബജ്‌റംഗ്ദൾ. ഇൻഡിയിലെ പിയുസി കോളേജിൽ സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ അധികൃതർ തടയുകയായിരുന്നു. സ്‌കൂളിൽ കയറണമെങ്കിൽ സിന്ദൂരം നീക്കണമെന്നും അല്ലെങ്കിൽ തിരിച്ചുപോകണമെന്നും അവർ അറിയിച്ചു.
എന്നാൽ സംഭവമറിഞ്ഞ് ബജ്‌റംഗ്ദൾ പ്രവർത്തകരെത്തി പ്രതിഷേധം തുടങ്ങി. ഇവർക്ക് പിന്തുണയുമായി ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക്കും രംഗത്തെത്തി. സിന്ദൂരം മത ചിഹ്നമല്ലെന്നും രാജ്യത്തെ സാംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതിനാൽ വിദ്യാലയങ്ങളിൽ നിരോധിക്കപ്പെടരുതെന്നും മുത്തലിക്ക് പറഞ്ഞു. സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗാമായ സിന്ദൂരം സ്ത്രീയും പുരുഷനും ഉപയോഗിക്കുമെന്നും അതിനാൽ വിദ്യാർഥിയെ തടഞ്ഞ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുത്തലിക്ക് ആവശ്യപ്പെട്ടു. ഹിജാബ് അനുകൂല മുന്നേറ്റത്തിന് പിറകിൽ അന്താരാഷ്ട്രാ ഗൂഢാലോചന ഉണ്ടെന്നും ശ്രീരാമസേനാ തലവൻ ആരോപിച്ചു.
അതേസമയം, കർണാടക സർക്കാർ നടത്തുന്ന മൗലാനാ ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാൾ, മറ്റു മതചിഹ്നങ്ങൾ എന്നിവ നിരോധിച്ചു. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രാലയം സെക്രട്ടറി മേജർ പി. മണിവന്നൻ പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനത്തെ കുറിച്ച് അറിയിച്ചത്. കർണാടക ഹൈക്കോടതി ഇത്തരം മതചിഹ്നങ്ങൾ സ്‌കൂളുകളിൽ നിരോധിച്ചതിനാൽ ന്യൂനപക്ഷ സ്‌കൂളുകളിലും നിയമം ബാധകമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകൾ, കോളേജുകൾ, മൗലാന ആസാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ, എന്നിവിടങ്ങളിലൊക്കെ നിരോധനം ബാധകമാക്കിയാണ് ഉത്തരവ്. സർക്കാർ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച തീരുമാനം പ്രശ്‌നകലുഷിത സാഹചര്യം സൃഷ്ടിച്ചിരിക്കേയാണ് ന്യൂനപക്ഷ സ്ഥാപനങ്ങളിലും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതി നാളെയും വാദം കേൾക്കും. വെള്ളിയാഴ്ച ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തിലും ഇടക്കാല ഉത്തരവുണ്ടായില്ല. ഹിജാബുമായി ബന്ധപ്പെട്ട വിധി വരുന്നതു വരെ വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ ഇടക്കാല നിർദേശം. ഹിജാബ് നിരോധനം കർശനമാക്കിയതോടെ ഓൺലൈൻ ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഹിജാബ് നിരോധനത്തെച്ചൊല്ലിയുള്ള സംഘർഷങ്ങളെ തുടർന്ന് അഞ്ചുദിവസമായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുകയാണ്. സംഘർഷങ്ങൾ തണുപ്പിക്കാൻ തെക്കൻ ജില്ലയിൽ ഫെബ്രുവരി 19 വരെ കാമ്പസുകൾക്ക് സമീപം പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയത്തിൽ ബി.ജെ.പി സർക്കാരിനെ പ്രതിപക്ഷം ചോദ്യം ചെയ്യാനൊങ്ങുകയാണ്. ഹിജാബ് വിഷയത്തിൽ കർണാടകയിൽ നിർണായമായ ദിവസങ്ങളാണ് കടന്നുവരുന്നത്. യൂണിഫോമില്ലാത്ത സ്‌കൂളുകളിലും കോളജുകളിലും ഉഡുപ്പിയിലെ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന തീരുമാനം പ്രശ്നത്തിലുള്ള സംഘർഷം കുറയ്ക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തെ ബിരുദ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകൾക്ക് യൂണിഫോം നിർബന്ധമില്ല. എന്നാൽ ചില സർക്കാർ കോളജുകൾ യൂണിഫോം നിർബന്ധമാക്കുകയും ഡ്രസ്‌കോഡ് പാലിക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ സമാധാന സമിതി യോഗങ്ങൾ നടത്താൻ ജില്ലാ ഉദ്യോഗസ്ഥർ, പൊലീസ്, സ്‌കൂൾ അഡ്മിനിസ്‌ട്രേഷനുകൾ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ പറഞ്ഞിരുന്നു.
Bajrang Dal protests against the refusal to admit a student who applied vermilion to school in Vijaypura.
Adjust Story Font
16