ഗുസ്തി താരങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് സംഘപരിവാര്‍ ഐടി സെല്‍; പരാതി നല്‍കുമെന്ന് ബജ്റംഗ് പുനിയ
വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ബജ്റംഗ് പുനിയ
ഡല്‍ഹി: പാര്‍ലമെന്‍റ് മാര്‍ച്ചിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച് സംഘ്പരിവാർ ഐടി സെല്‍. പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ സംഗീത ഫോഗട്ടും വിനേഷ് ഫോഗട്ടും ചിരിക്കുന്ന ചിത്രമാണ് സംഘ്പരിവാർ അനുകൂലികൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ പൊലീസ് വാഹനത്തില്‍ നിന്നുള്ള യഥാര്‍ഥചിത്രം ഗുസ്തിതാരം ബജ്റംഗ് പുനിയ പങ്കുവെച്ചു. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ബജ്റംഗ് പുനിയ പറഞ്ഞു.
ആ സമരം തമാശയാണെന്നും ചിരിക്കുന്നത് കണ്ടില്ലേയെന്നുമുള്ള കമന്‍റിനൊപ്പമാണ് സംഘ്പരിവാർ ഐടി സെല്ലുകള്‍ ചിത്രം പ്രചരിപ്പിച്ചത്. യഥാര്‍ഥ ഫോട്ടോ പങ്കുവെച്ച് ബജ്റംഗ് പുനിയ ട്വീറ്റ് ചെയ്തതിങ്ങനെ- "ഐടി സെല്ലുകാർ വ്യാജ ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ വ്യാജ ചിത്രം പോസ്റ്റ് ചെയ്തവർക്കെതിരെ പരാതി നൽകുമെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു."
ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തിതാരങ്ങൾക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തി. പുതിയ പാർലമെന്‍റിന് മുന്നില്‍ വനിതാ മഹാപഞ്ചായത്ത് ലക്ഷ്യമിട്ടായിരുന്നു മാർച്ച്. പൊലീസിനെയും ബാരിക്കേഡും മറികടന്ന് താരങ്ങൾ മാര്‍ച്ച് തുടങ്ങി. രാജ്യത്തിന്‍റെ അഭിമാന താരങ്ങളാണെന്നു മറന്നു പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നു. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചുമാണ് കസ്റ്റഡിയിലെടുത്തത്.
ഗുസ്തി താരങ്ങളുടെ പര്‍ലമെന്‍റ് മാര്‍ച്ചിന് കര്‍ഷകര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിർത്തികളിൽ പൊലീസ് തടഞ്ഞതിനാല്‍ അവര്‍ക്ക് ഡൽഹിയിലെത്താനായില്ല. ഭീകരവാദികളോടെന്ന പോലെയാണ് തങ്ങളോട് പൊലീസ് പെരുമാറിയതെന്ന് ഗുസ്തി താരങ്ങൾ ആരോപിച്ചു. ഗുസ്തി താരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത താരങ്ങളെ പൊലീസ് പിന്നീട് വിട്ടയച്ചു.
ജന്തർ മന്തറിൽ വീണ്ടും സമരം ആരംഭിക്കുമെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു. രാജ്യം ഇനി കാണാൻ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കി. ജന്തര്‍ മന്തറിലെ സമരവേദി ഡൽഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. സമരത്തിന് പൊലീസ് അനുമതി നൽകില്ലെന്നാണ് സൂചന.
Adjust Story Font
16