Quantcast

ബജ്‌റംഗ്ബലിയും കേരള സ്റ്റോറിയും തുണച്ചില്ല; കമ്പൊടിഞ്ഞ് മോദി ഫാക്ടർ

മോദിയെ കൊണ്ടുതന്നെ ഈ പ്രചരണത്തിന് ചുക്കാൻ പിടിപ്പിച്ച ബിജെപി അതിലൂടെ വീണ്ടും അധികാരക്കസേര ഉറപ്പിക്കാമെന്ന ആത്മവിശ്വാസവും അഹങ്കാരവും വച്ചുപുലർത്തിയെങ്കിലും ഒടുവിൽ എല്ലാം നനഞ്ഞ പടക്കമായി മാറി.

MediaOne Logo

Web Desk

  • Updated:

    2023-05-13 12:23:59.0

Published:

13 May 2023 10:29 AM GMT

Bajrangbali and Kerala Story did not help for bjp in karnataka The Modi factor is fully destroyed
X

ബെം​ഗളൂരു: ​ഗുരുതരമായ അഴിമതി ആരോപണങ്ങളിലും ഭരണവിരുദ്ധ വികാരത്തിലും പ്രതിരോധത്തിലായ കര്‍ണാടകയിലെ സർക്കാരിനെ കര കയറ്റാൻ ബിജെപിയുടെ പ്രധാന ആയുധങ്ങളായിരുന്നു വർ​ഗീയ-വിദ്വേഷ-വ്യാജ ഉള്ളടക്കങ്ങളോടെ പുറത്തിറങ്ങിയ 'ദി കേരളാ സ്റ്റോറി' സിനിമയും 'ബജ്‌റംഗ്ബലി'യും. ഇതോടൊപ്പം കേരളവിരുദ്ധ പ്രചാരണവും ധ്രുവീകരണ രാഷ്ട്രീയവും പയറ്റി. മോദിയെ കൊണ്ടുതന്നെ ഈ പ്രചരണത്തിന് ചുക്കാൻ പിടിപ്പിച്ച ബിജെപി അതിലൂടെ വീണ്ടും അധികാരക്കസേര ഉറപ്പിക്കാമെന്ന ആത്മവിശ്വാസവും അഹങ്കാരവും വച്ചുപുലർത്തിയെങ്കിലും ഒടുവിൽ എല്ലാം നനഞ്ഞ പടക്കമായി മാറി.

പോപുലർ ഫ്രണ്ടിനെ പോലെ ബജ്രം​ഗ്ദളിനെയും നിരോ​ധിക്കുമെന്ന കോൺ​ഗ്രസ് വാ​ഗ്ദാനത്തിനെതിരെയായിരുന്നു കർണാടകയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ബജ്‌റംഗ്ബലി' ക്യാംപയ്ൻ. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ 'ജയ് ബജ്‌റംഗ്ബലി' മുഴങ്ങും എന്നായിരുന്നു ഉത്തരകന്നഡയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോ​ഗത്തിൽ മോദി പറഞ്ഞത്.

വോട്ട് ചെയ്യുമ്പോൾ എല്ലാവരും 'ജയ് ബജ്‌റംഗ്ബലി' എന്ന് വിളിച്ച് ദുരുപയോഗ സംസ്‌കാരത്തെ ശിക്ഷിക്കണമെന്നും മോദി ആ​ഹ്വാനം ചെയ്തിരുന്നു. ഹനുമാന്റെ നാട്ടില്‍ ആദരവ് സമര്‍പ്പിക്കാനായി താന്‍ എത്തിയപ്പോള്‍ 'ജയ് ബജ്‌റംഗ്ബലി' എന്ന് വിളിക്കുന്നവരെ തടയാനുള്ള പ്രകടന പത്രികയുമായാണ് കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നതെന്നും നേരത്തെ തന്നെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച അവർ ഇപ്പോള്‍ 'ജയ് ബജ്‌റംഗ്ബലി' എന്ന് വിളിക്കുന്നവരെയും എതിര്‍ക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.

"വോട്ട് തേടാനും മോദിയെ അധിക്ഷേപിക്കാനും മറ്റെന്താണ് മാർഗം. ഈ സമയം നിങ്ങൾ എന്ത് ചെയ്യും. ശിക്ഷിക്കുമോ? പോളിങ് ബൂത്തിലെ ബട്ടൺ അമർത്തുമ്പോൾ 'ജയ് ബജ്‌റംഗ്ബലി' എന്ന് പറഞ്ഞ് ഈ അധിക്ഷേപകരെ ശിക്ഷിക്കൂ"- എന്നും മോദി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ മറ്റെല്ലാം പോലെ കേരള സ്റ്റോറി, ബജ്‌റംഗ്ബലി ക്യാംപയിനുകളും എട്ടുനിലയിൽ പൊട്ടുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കാണാനായത്.

'കേരളാ സ്റ്റോറി'യെ പിന്തുണച്ച് രം​ഗത്തെത്തിയ മോദി, തീവ്രവാദം തുറന്നുകാട്ടുന്ന സിനിമയാണ് അതെന്നായിരുന്നു അവകാശപ്പെട്ടത്. തീവ്രവാദത്തിനെതിരായ ചിത്രത്തിനെയാണ് കോൺഗ്രസ് എതിർക്കുന്നത്. വോട്ടു നേടാനായി തീവ്രവാദത്തോട് കോൺഗ്രസ് മൃദുസമീപനമാണ് സ്വീകരിച്ചതെന്നും മോദി ആരോപിച്ചിരുന്നു. കർണാടകയിലെ ബെല്ലാരിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

'ഭീകര ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാണ് കേരളാ സ്റ്റോറി എന്ന ചിത്രം. ഇത് തീവ്രവാദത്തിന്റെ വൃത്തികെട്ട സത്യം കാണിക്കുന്ന ചിത്രമാണ്. ഭീകരതയേയും തീവ്രവാദ പ്രവണതയേയും തുറന്നുകാട്ടുന്ന ചിത്രങ്ങളേയും കോൺഗ്രസ് എതിർക്കുന്നു. വോട്ടുബാങ്കിന് വേണ്ടിയാണ് കോൺഗ്രസ് ഇത് ചെയ്യുന്നത്. സിനിമക്കെതിരായി ഏറ്റവും കൂടുതൽ പ്രതിഷേധമുണ്ടാക്കുന്നത് കോൺഗ്രസാണ്'- പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

ഇത്തരത്തിൽ വർ​ഗീയ നീക്കത്തിലൂടെ ഭരണം നിലനിർത്താമെന്നു കരുതിയ കർണാടകയിൽ തെര‍ഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപിയുടെ മോദി ഫാക്ടർ പൂർണമായും തകർന്നടിയുകയായിരുന്നു. 33 റാലികളും 28 റോഡ് ഷോകളുമുൾപ്പെടെയുള്ള വമ്പൻ പരിപാടികൾ സംഘടിപ്പിച്ചിട്ടും അതൊന്നും ഫലം കണ്ടില്ലെന്നു മാത്രമല്ല, വർ​ഗീയ- ഇരവാദ കാർഡുകളെല്ലാം ജനം പൂർണമായും തള്ളുകയും ചെയ്തു. ഇതിൽ 13 പൊതുയോഗങ്ങളും രണ്ട് വമ്പന്‍ റോഡ് ഷോകളും തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുമ്പു മാത്രം മോദി നടത്തിയതാണ്.

പലവിധത്തിൽ പ്രതിരോധക്കുഴിയിലായ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം ആശ്വാസമായിരുന്നു. എന്നാല്‍, ഈ റോഡ് ഷോയില്‍ വന്‍ ജനസാന്നിധ്യമുണ്ടായിരുന്ന ബെംഗളൂരു മേഖലയിലടക്കം കോണ്‍ഗ്രസിന് മികച്ച വിജയം നേടാനായി എന്നതാണ് ശ്രദ്ധേയം. അഴിമതി തുറന്നുകാട്ടിയുള്ള പരിചകൾ കൊണ്ട് ബിജെപിയുടെ വർ​ഗീയ-വിദ്വേഷ പ്രചരണ ആയുധങ്ങളുടെ മുനയൊടിക്കുകയാണ് കോൺ​ഗ്രസ് ചെയ്തത്. അത് പൂർണമായും ഫലം കാണുകയും ചെയ്തു.




TAGS :

Next Story