Quantcast

കർണാടകയിൽ 26-കാരനായ ബജ്‌റംഗ്ദൾ ഭാരവാഹി കൊല്ലപ്പെട്ടു

കൊലപാതകത്തിന് ഹിജാബ് വിവാദവുമായി ബന്ധമില്ലെന്ന് കർണാടക ആഭ്യന്തരമന്ത്രി ജ്ഞാനേന്ദ്ര

MediaOne Logo

Web Desk

  • Updated:

    2022-02-21 09:31:09.0

Published:

21 Feb 2022 7:11 AM GMT

കർണാടകയിൽ 26-കാരനായ ബജ്‌റംഗ്ദൾ ഭാരവാഹി കൊല്ലപ്പെട്ടു
X

കർണാടകയിലെ ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു. 26 വയസ്സുള്ള ഹർഷ എന്നയാളാണ് ഞായറാഴ്ച രാത്രി 9 മണിയോടെ കുത്തേറ്റു മരിച്ചത്. നാലഞ്ചു യുവാക്കളടങ്ങുന്ന സംഘമാണ് ഇയാളെ കൊലപ്പെടുത്തിയതെന്നും കൊലപാതകത്തിനു പിന്നിൽ ഏതെങ്കിലും സംഘടനയാണോ എന്നറിയില്ലെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ശിവമോഗ നഗരത്തിലും പരിസരത്തുമുള്ള സ്‌കൂളുകൾക്കും കോളേജുകൾക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ശിവമോഗയിലെ ഭാരതി കോളനിക്കു സമീപം രവിവർമ സ്ട്രീറ്റിലാണ് കൊലപാതകം നടന്നത്. ടൈലറായി ജോലി നോക്കിയിരുന്ന ഹർഷ ബജ്‌റംഗളിന്റെ 'പ്രകണ്ഡ സഹകാര്യദർശി' ആയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയാളെ കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഹർഷയെ മെഗ്ഗാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മതപരമായി പ്രകോപനമുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് ഹർഷക്കെതിരെ ദൊഡ്ഡപേട്ട് പൊലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതേത്തുടർന്ന് ഇയാൾക്കെതിരെ ഭീഷണിയും ഉണ്ടായിരുന്നു.

ഹർഷയുടെ മരണവാർത്തയറിഞ്ഞ് നൂറുകണക്കിന് സംഘ്പരിവാർ പ്രവർത്തകർ മെഗ്ഗാൻ ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. സിഗെഹട്ടി മേഖലയിൽ കല്ലേറുണ്ടായതായും ബൈക്കുകൾ കത്തിച്ചതായും ജില്ലാ പൊലീസ് സൂപ്രണ്ട് ത്യാഗരാജൻ പറഞ്ഞു. സാമുദായിക സംഘർഷം ഉണ്ടാകുന്നത് തടയാനായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ഹർഷയുടെ കുടുംബത്തെ സന്ദർശിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകിയതായും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കർണാടകയിൽ സജീവമായ ഹിജാബ് വിവാദത്തിന് ഈ സംഭവവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഹിജാബ് വിവാദത്തിന് ഇൗ സംഭവവുമായി ബന്ധമൊന്നുമില്ല. ഇൗ സംഭവത്തിനു പിന്നിൽ മറ്റു കാരണങ്ങളാണ്. ശിവമോസ പ്രശ്‌നബാധിത നഗരമാണ്. സംഭവം നടന്നത് മെയിൻ റോഡിലാണ്. പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. കുറ്റവാളികളെക്കുറിച്ച് തെളിവ് ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ അവരെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് കരുതുന്നത്. കൊലപാതകം നടത്തിയവരെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കും.' - ജ്ഞാനേന്ദ്ര പറഞ്ഞു.

അതേസമയം, സംഭവത്തിനു പിന്നിൽ 'മുസ്ലിം ഗുണ്ടകൾ' ആണെന്ന് കർണാടക മന്ത്രി കെ.എസ് ഈശ്വരപ്പ ആരോപിച്ചു.

(26 Year old Bajrang Dal activist killed in Karnataka's Shivamoga)

TAGS :

Next Story