Quantcast

ബാലസോർ ട്രെയിൻ ദുരന്തം: ഒരാഴ്ച പിന്നിട്ടിട്ടും അപകടകാരണം കണ്ടെത്താനായില്ല

സി.ബി.ഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കും

MediaOne Logo

Web Desk

  • Updated:

    2023-06-09 02:12:24.0

Published:

9 Jun 2023 12:53 AM GMT

Balasore train accident,Balasore train disaster: CBI continues to investigate, ബാലസോർ ട്രെയിൻ ദുരന്തം: 80 മൃതദേഹങ്ങൾ കൂടി  തിരിച്ചറിയാനുണ്ടെന്ന് സര്‍ക്കാര്‍
X

ബാലസോർ: ഒഡീഷ ബാലസോർ ട്രെയിൻ ദുരന്തമുണ്ടായി ഒരാഴ്‌ച പിന്നിടുമ്പോഴും അപകടത്തിന്റെ കാരണം കണ്ടെത്താതെ റെയിൽവെയും കേന്ദ്രസർക്കാരും . റെയിൽവെ സുരക്ഷാകമീഷണറുടെ അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല. ബാലസോറില്‍ തുടരുന്ന സിബിഐ സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തിയേക്കും. ആറ് റെയിൽവേ ജീവനക്കാരുടെ ഫോൺ സിബിഐ പിടിച്ചെടുത്തിരുന്നു.

പിടിച്ചെടുത്ത ഫോണുകളിലെ കോള്‍ റെക്കോഡുകള്‍, വാട്‌സ് ആപ്പ് കോളുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയവയെല്ലാം സിബിഐ പരിശോധിച്ചു വരികയാണ്. മുൻ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ ആറുപേരെ ചോദ്യം ചെയ്യുകയും ചെയ്തു . ഇനിയും കൂടുതൽ പേരുടെ മൊഴിയെടുക്കും എന്നാണ് സൂചന. നിലവിൽ പരിക്കേറ്റ് ഭുവനേശ്വറിലെ ആശുപത്രിയില്‍ ചികിത്സയിൽ ഉള്ള കോറമാണ്ഡൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിനെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നും സിബിഐ അറിയിച്ചു.

288 പേരുടെ ജീവനെടുത്ത ദുരന്തം അപകടമാണോ അട്ടിമറിയാണോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു. അപകടമുണ്ടായ ബഹനാഗ റെയില്‍വേ സ്‌റ്റേഷനില്‍ സിബിഐ സംഘവും ഫോറന്‍സിക് ടീമും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വളരെ വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സിബിഐയുടെ ലക്ഷ്യം. അതേസമയം, 80ൽ അധികം മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ വേണ്ടി ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. പരിക്കേറ്റ 200 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടം നടന്ന് ഏഴാം ദിവസവും ബന്ധുക്കളെ തേടി നിരവധി പേരാണ് ആശുപത്രികളിൽ എത്തുന്നത്.


TAGS :

Next Story