3 ദിവസത്തിനിടെ മരിച്ചത് 5 അമ്മമാർ; ബെല്ലാരിയിലെ മാതൃമരണങ്ങൾക്ക് കാരണം മരുന്ന്?
നവംബർ 9 മുതൽ 11 വരെ ബെല്ലാരിയിലെ വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അഡ്മിറ്റ് ചെയ്യപ്പെട്ട യുവതികളാണ് മരിച്ചത്
ബെല്ലാരി: ബെല്ലാരി ജില്ലാ ആശുപത്രിയിലെ മാതൃമരണത്തിൽ പ്രതിരോധത്തിലായി കർണാടക ആരോഗ്യവകുപ്പ്. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ഐവി ഫ്‌ളൂയിഡ് നൽകിയ 5 സ്ത്രീകളാണ് ആശുപത്രിയിൽ മരിച്ചത്. 3 ദിവസത്തിനിടെ ഇവിടെ പ്രസവിച്ച യുവതികളിൽ 7 പേർക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു.
നവംബർ 9 മുതൽ 11 വരെ ബെല്ലാരിയിലെ വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (വിംസ്) അഡ്മിറ്റ് ചെയ്യപ്പെട്ട യുവതികളാണ് മരിച്ചത്. സിസേറിയന് പിന്നാലെ നൽകിയ റിങ്ങേഴ്‌സ് ലാക്ടേറ്റ് എന്ന ഐവി ഫ്‌ള്യൂയിഡ് കഴിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു. ഫ്‌ള്യൂയിഡ് ശരീരത്തിലെത്തിയ ശേഷമാണ് ഇവർക്കെല്ലാം ആരോഗ്യപ്രശ്‌നങ്ങളുണ്ടായത് എന്നാണ് വിവരം.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നുള്ള വിദഗ്ധർ എത്തി നടത്തിയ പരിശോധനയിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് മരുന്ന് കമ്പനിയിലേക്ക് പരിശോധന നീണ്ടു. പശ്ചിമ ബംഗാൾ ആസ്ഥാനമായ പശ്ചിമബംഗ ഫാർമസ്യൂട്ടിക്കൽസാണ് മരുന്നിന്റെ നിർമാതാക്കൾ. ഇവർക്കെതിരെ നടപടിയെടുക്കാൻ അന്വേഷണസംഘം ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളറെ മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്‌പെൻഡ് ചെയ്തിരുന്നു. മരിച്ച യുവതികളുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16