ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിക്കണം; സുപ്രിംകോടതിയിൽ ഹർജി
"പതിനഞ്ച് ശതമാനം മുസ്ലിങ്ങൾക്ക് വേണ്ടിയുള്ള ഹലാൽ ഉത്പന്നങ്ങൾ 85 ശതമാനം ജനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു"
ന്യൂഡൽഹി: ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നന്നങ്ങൾ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകൻ വിഭോർ ആനന്ദ് ആണ് ഹർജി ഫയൽ ചെയ്തത്. രാജ്യത്തെ എൺപത്തിയഞ്ച് ശതമാനം ജനങ്ങൾക്കും വേണ്ടിയാണ് ഹർജി ഫയൽ ചെയ്യുന്നതെന്ന് വിഭോർ ആനന്ദ് അവകാശപ്പെടുന്നു.
പതിനഞ്ച് ശതമാനം വരുന്ന മുസ്ലിങ്ങൾക്ക് വേണ്ടിയുള്ള ഹലാൽ സർട്ടിഫിക്കറ്റ് ഉത്പന്നങ്ങൾ 85 ശതമാനം ജനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ഹർജിയിൽ ആരോപിച്ചു. ഇത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ്. 1974 ന് മുമ്പ് ഹലാൽ സർട്ടിഫിക്കെട്ടിനെക്കുറിച്ച് കേട്ടിട്ടില്ല. 1974 മുതൽ 1993 വരെ മാംസ ഉത്പന്നങ്ങൾക്ക് മാത്രമായിരുന്നു ഹലാൽ സർട്ടിഫിക്കറ്റ്. എന്നാൽ ഇന്ന് ടൂറിസം, മെഡിക്കൽ ടൂറിസം, മാധ്യമങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഹലാൽ സർട്ടിഫിക്കറ്റ് വ്യാപിക്കുകയാണ്- ഹർജിയിൽ പറയുന്നു.
ബഹുരാഷ്ട്ര കമ്പനികളായ നെസ്ലെ, കെഎഫ്സി, ബ്രിട്ടാനിയ എന്നിവയോട് ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. മുസ്ലിമേതര വിഭാഗങ്ങൾ ഹലാൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ ഗൂഢാലോചന ആരോപിച്ചതിന്റെ പേരിൽ മുംബൈ പൊലീസ് അറസ്റ്റു ചെയ്തയാളാണ് വിഭോർ ആനന്ദ്. ചാനൽ സ്വാധീനം മൂലമാണ് ആരോപണം ഉന്നയിച്ചത് എന്നാണ് പിന്നീട് നടത്തിയ ഖേദപ്രകടനത്തിൽ ഇദ്ദേഹം പറഞ്ഞിരുന്നത്. ക്ഷമാപണം നടത്തിയതിന് പിന്നാലെ ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
Adjust Story Font
16