Quantcast

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; ബന്ദ് ആചരിച്ചു

നിരാഹാര സമരത്തിനൊരുങ്ങി സോനം വാങ്ചുക്ക്; സംസ്ഥാനപദവി നൽകുന്നതി​ൽ പ്രതിസന്ധിയുണ്ടെന്ന് അമിത് ഷാ

MediaOne Logo

Web Desk

  • Published:

    7 March 2024 9:09 AM GMT

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; ബന്ദ് ആചരിച്ചു
X

ലേ: സംസ്ഥാന പദവി ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാറുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ലഡാക്കിൽ പ്രതിഷേധം ശക്തമാക്കി വിവിധ സംഘടനകൾ. ബുധനാഴ്ച ലഡാക്ക് മേഖലയിൽ ബന്ദ് ആചരിച്ചു. ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കും വരെ നിരാഹാര സത്യഗ്രഹത്തിന് ആഹ്വാനവുമായി സാമൂഹികപ്രവർത്തക സോനം വാങ്ചുക്കും രംഗത്തുവന്നു.

ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകുക, ഗോത്രപദവി നൽകുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തുക, തദ്ദേശവാസികൾക്ക് തൊഴിൽ സംവരണം, പി.എസ്.സി സ്ഥാപിച്ച് സുരക്ഷിത തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, ലേ, കാർഗിൽ ജില്ലകൾക്ക് പാർലമെന്ററി സീറ്റുകൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

വിവിധ സാമൂഹിക, മത, ഗോത്ര, വിദ്യാഭ്യാസ സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന ലേ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക്ക് അലയൻസ് തുടങ്ങിയ സംഘടനകൾ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ, ലഡാക്കിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച ഉപസമിതി എന്നിവരുമായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ച പരാജയപ്പെട്ടതോടെയാണ് സംഘടനകൾ ബുധനാഴ്ച ലഡാക്കിൽ ബന്ദ് നടത്തിയത്.

ചർച്ചയിൽ ആറാം ഷെഡ്യൂൾ എന്ന ആവശ്യത്തിന്റെ ചില ഭാഗങ്ങൾ പരോക്ഷമായി അംഗീകരിച്ച അഭ്യന്തരമന്ത്രി പൂർണ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞതായി ലാഡിന്റെ കോ ചെയർമാൻ ചെറിംഗ് ഡോർജേ ലകുർക്ക് വ്യക്തമാക്കി. ഇതേതുടർന്ന് ചർച്ച പരാജയപ്പെടുകയായിരുന്നു.

ചർച്ച പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ പരിഷ്‌കർത്താവും മാഗ്സസെ അവാർഡ് ജേതാവുമായ സോനം വാങ്ചുക് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമര കാലത്ത് മഹാത്മാഗാന്ധി നടത്തിയ ഏറ്റവും ദൈർഘ്യമേറിയ നിരാഹാരമാണ് താൻ 21 ദിവസം നടത്താൻ പോകുന്നതെന്നും കേന്ദ്രം വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ സമരം മരണം വരെ തുടരുമെന്നും വാങ്ചുക് വ്യക്തമാക്കി.

2019 ആഗസ്റ്റിലാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത്. തുടർന്ന് ലഡാക്ക് ജമ്മു കശ്മീരിൽ നിന്ന് വിഭജിക്കപ്പെടുകയും കേന്ദ്ര ഭരണ പ്രദേശമാക്കി ?മാറ്റുകയും ചെയ്തു. ലേ അപെക്സ് ബോഡിയും (എൽഎബി) കാർഗിൽ ഡെമോക്രാറ്റിക് അലയൻസും (കെഡിഎ) ജനുവരി 23ന് ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിന് കീഴിലുള്ള പദവിയും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ചർച്ചകൾ ഫലം കാണാതായതോടെയാണ് ലഡാക്കിൽ പ്രതിഷേധം ശക്തമായത്.

TAGS :

Next Story