Quantcast

മത്സ്യപ്രേമികൾക്ക് നിരാശ; ഇന്ത്യയിലേക്ക് ‘പത്മ ഹിൽസ’ കയറ്റുമതി വിലക്കി ബംഗ്ലാദേശ്

ഇന്ത്യയിൽ ഈ മീൻ വിറ്റിരുന്നത് 2000 രൂപക്ക് മുകളിലാണ്

MediaOne Logo

Web Desk

  • Updated:

    2024-09-08 08:07:13.0

Published:

8 Sep 2024 8:06 AM GMT

padma hilsa fish
X

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മത്സ്യപ്രേമികൾക്ക് നിരാശപരത്തുന്ന തീരുമാനവുമായി ബംഗ്ലാദേശ്. ബംഗാളികൾക്കിടയിൽ ഏറെ പ്രചാരമുള്ള മീനായ ‘പത്മ ഹിൽസ’യുടെ കയറ്റുമതി വിലക്കിയിരിക്കുകയാണ് ബംഗ്ലാദേശ്. ദുർഗാ പൂജ ആഘോഷിക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ തീരുമാനം വലിയ തിരിച്ചടിയായി. ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിന്റെ ഫിഷറീസ് ആൻഡ് ലൈവ് സ്റ്റോക്ക് ഉപദേശക ഫരീദ അക്തറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വർഷങ്ങളായി പൂജ സീസണിൽ ബംഗ്ലാദേശിൽനിന്നുള്ള പത്മ ഹിൽസ മീൻ വരുന്നത് ഏറെ പ്രതീക്ഷയോടെയാണ് ബംഗാളികൾ കാത്തിരിക്കാറ്. ഷൈഖ് ഹസീന പ്രധാനമന്ത്രിയായിരിക്കുമ്പോൾ എല്ലാ വർഷവും ആഗസ്റ്റ് മുതൽ ഒക്ടോബർ വ​രെ പത്മ ഹിൽസ മീൻ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിച്ചിരുന്നു. എന്നാൽ, കഴിഞ്ഞമാസം ഹസീനയെ പുറത്താക്കിയശേഷം ബംഗ്ലാദേശിൽ രൂപീകരിച്ച ഇടക്കാല സർക്കാർ ഈ തീരുമാനം മാറ്റുകയായിരുന്നു.

മുൻഗണന ആഭ്യന്തര ആവശ്യങ്ങൾക്ക്

പത്മ ഹിൽസയുടെ ആഭ്യന്തര ആവശ്യത്തിന് മുൻഗണന നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കയറ്റുമതി നിർത്താനുള്ള തീരുമാനം. കയറ്റുമതി വിലക്കുന്നതോടെ മീനിന്റെ വില കുറയുമെന്നാണ് സർക്കാർ നിരീക്ഷണം. അതേസമയം, കയറ്റുമതി വിലക്കിയെങ്കിലും ആഭ്യന്തര മാർക്കറ്റിൽ മീനിന്റെ വില വലിയ രീതിയിൽ കുറഞ്ഞിട്ടി​ല്ലെന്നാണ് റിപ്പോർട്ട്. ഒരു കിലോക്ക് ഏകേദേശം 1800 ബംഗ്ലാദേശി ടാക്കയാണ് ഇപ്പോഴും വില. ഇത് ഏകദേശം 1200 രൂപ വരും. ഇന്ത്യയിൽ ഈ മീൻ വിറ്റിരുന്നത് 2000 രൂപക്ക് മുകളിലാണ്.

നേരത്തെയും ഈ മീനിന്റെ കയറ്റുമതി ബംഗ്ലാദേശ് വിലക്കിയിരുന്നു. ടീസ്റ്റ നദീജലം പങ്കിടൽ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം 2012 മുതൽ 2018 വരെ മീൻ കയറ്റുമതി സർക്കാർ വിലക്കുകയുണ്ടായി. ഇതിന്റെ ഫലമായി മീനിന് ഇന്ത്യയിൽ വൻതോതിൽ വില വർധിച്ചു. കൂടാതെ കള്ളക്കടത്ത് വഴി ഇന്ത്യയിലേക്ക് മീൻ ധാരാളം എത്തുകയും ചെയ്തിരുന്നു. ഇതിനാൽ തന്നെ ഇത്തവണ അനധികൃതമായി ആരെങ്കിലും മീൻ കടത്താൻ ശ്രമിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇടക്കാല സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഷൈഖ് ഹസീനയുടെ സമ്മാനം

2020ൽ ഷൈഖ് ഹസീന സർക്കാർ 500 ടൺ മീൻ കയറ്റുമതി ചെയ്യാൻ അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം ദുർഗാ പൂജക്ക് മുന്നോടിയായി 3950 ടൺ പത്മ ഹിൽസയാണ് പെട്രോപോൾ അതിർത്തി വഴി ഇന്ത്യയിലേക്ക് എത്തിച്ചത്. ദുർഗാ പൂജക്കുള്ള ബംഗ്ലാദേശിന്റെ സമ്മാനമായാണ് ഇതിനെ വിശേഷിപ്പിക്കാറ്.

അതേസമയം, ഇത്തവണ മീൻ കയറ്റുമതി നിരോധിക്കാനുള്ള പ്രധാനകാരണം ബംഗ്ലാദേശിൽ ഉയർന്നുവരുന്ന ഇന്ത്യാ വിരുദ്ധ വികാരമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, പാരിസ്ഥിതിക വെല്ലുവിളികളും ആഭ്യന്തര ആവശ്യവും ഹിൽസ വി​ളവെടുപ്പിലെ ഗണ്യമായ കുറവുമാണ് സർക്കാർ കാരണമായി നിരത്തുന്നത്. പ്രജനന കാലം കഴിഞ്ഞ്, മീൻ പിടിക്കാനുള്ള നിരോധനം ആഗസ്റ്റിലാണ് സർക്കർ നീക്കിയത്. ഇതിനുശേഷം വലിയ വിളവെടുപ്പ് ലഭിച്ചില്ലെന്നാണ് വാദം.

ഭാരം കൂടുംതോറും രുചിയും കൂടും

കൊൽക്കത്തയിൽ മൂന്ന് തരത്തിലുള്ള ഹിൽസ മീനാണ് പ്രചാരണത്തിലുള്ളത്. മ്യാൻമറിൽനിന്നുള്ള വിലകുറഞ്ഞ ബർമീസ് ഇലിഷ്, തെക്കൻ പശ്ചിമ ബംഗാളിൽനിന്നുള്ള കൊലഘട്ട് ഇനം, ബംഗ്ലാദേശിൽനിന്നുള്ള പത്മ ഹിൽസ എന്നിവയാണവ. ഇതിൽ പത്മ ഹിൽസക്കാണ് കൂടുതൽ ഡിമാൻഡ്. അതേസമയം, ബംഗ്ലാദേശിൽനിന്നുള്ള മീനാണെന്ന് കാണിച്ച് ബർമീസ് ഇലിഷ് വിൽക്കുന്നതായുള്ള ആരോപണവുമുണ്ട്.

ബംഗ്ലാദേശ് സർക്കാറിന്റെ തീരുമാനം കൊൽക്കത്തയിലെ മത്സ്യ വ്യാപാരികൾക്കും വലിയ തിരിച്ചടിയാണ്. ബംഗ്ലാദേശിൽനിന്ന് മീൻ വരാത്തതിനൽ മ്യാൻമറിനെയും ഒഡിഷയെയും ആ​ശ്രയിക്കാനുള്ള തീരുമാനത്തിലാണ് ഇവർ. അതേസമയം, ഈ മീനുകൾക്കും ഇപ്പോൾ വില വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. നിലവിൽ 2200 രൂപക്കാണ് ഒരു കിലോ പത്മ ഹിൽസ വിൽക്കുന്നത്. മറ്റു ഇനങ്ങളുടെ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബംഗാളികളുടെ സംസ്കാരിക ചിഹ്നം കൂടിയാണ് ‘പത്മ ഹിൽസ’. കല്യാണത്തിന് സമ്മാനമായി ഈ മീൻ പൊതിഞ്ഞുകൊടുക്കാറുണ്ട്. ബംഗ്ലാദേശിലെ പത്മാ നദിയിൽനിന്നാണ് ഈ രുചിയേറിയ മീൻ ലഭിക്കുന്നത്. ഭാരം വർധിക്കുന്നതിന് അനുസരിച്ചും രൂചി കൂടു​മെന്ന പ്രത്യേകതയും ഈ മീനിനുണ്ട്.

TAGS :

Next Story