Quantcast

ബംഗ്ലാദേശ് എം.പിയെ കൊന്ന് കഷ്ണങ്ങളാക്കിയ സംഭവം: പ്രധാന പ്രതി യുഎസിലേക്ക് രക്ഷപ്പെട്ടതായി സംശയം, ഇന്റർപോളിന്റെ സഹായം തേടി പൊലീസ്

സ്വർണക്കടത്ത് വരുമാനമായി ബന്ധപ്പെട്ട തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം

MediaOne Logo

Web Desk

  • Published:

    27 May 2024 9:35 AM GMT

Bangladesh MP murder ,Kolkata,Bangladesh police,MP Anwarul Azim Anar.,crime news,ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം,കൊല്‍ക്കത്ത
X

കൊൽക്കത്ത: ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി യു.എസിലേക്ക് കടന്നതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് ധാക്കയിൽ നിന്നുള്ള പൊലീസ് സംഘം കൊൽക്കത്തയിലെത്തിയിട്ടുണ്ട്. അനാറിന്റെ ബാല്യകാല സുഹൃത്ത് കൂടിയായ അക്തറുസ്സമാൻ ഷഹീൻ എന്നയാളാണ് കേസിലെ മുഖ്യപ്രതി. യു.എസിലേക്ക് കടന്നതോടെ ഇയാളെ പിടിക്കാൻ ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങുകയാണ് ബംഗ്ലാദേശ്.

സ്വർണക്കടത്ത് റാക്കറ്റിൽ നിന്നുള്ള വരുമാനത്തെച്ചൊല്ലി എം.പിയും അക്തറുസ്സമാനും തമ്മിലുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മെയ് 12 ന് ചികിത്സക്കായാണ് അനാർ കൊൽക്കത്തയിലെത്തുന്നത്. പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് വിവരമില്ലെന്ന് കാണിച്ച് മെയ് 18 ന് കൊൽക്കത്ത പൊലീസിന് പരാതി ലഭിക്കുകയും ചെയ്തു. ഈ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. മെയ് 13 ന് ന്യൂ ടൗണിലെ ആഡംബര അപ്പാർട്ട്മെന്റിലേക്ക് ബംഗ്ലാദേശ് യുവതിയായ സെലസ്റ്റി റഹ്മാൻ എം.പിയെ പ്രലോഭിച്ച് എത്തിക്കുകയും 15 മിനിറ്റിനുള്ളിൽ കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പൊലീസ് സംശയിക്കുന്നത്.

പിന്നീട് കശാപ്പുകാരന്റെ സഹായത്തോടെ എം.പിയുടെ ശരീരത്തിലെ തൊലി ഉരിയുകയും മൃതദേഹം നുറുക്കി മഞ്ഞൾ തേച്ച് കവറിലാക്കി കനാലിൽ എറിഞ്ഞെന്നുമാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ നാലുദിവസം തിരച്ചിൽ നടത്തിയിട്ടും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. മൃതദേഹം എറിഞ്ഞെന്ന് സംശയിക്കുന്ന കനാലിൽ പൊലീസ് വലകളും വെള്ളത്തിനടിയിൽ ഡ്രോണുകളും ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു.

സംഭവത്തിൽ ഷിമുൽ ബുയ്യാൻ, ഫൈസൽ അലി എന്ന സാജി, അസീമിനെ ഹണിട്രാപ്പിൽ കുരുക്കിയ ഷിലാസ്തി റഹ്മാൻ എന്നിവരെ പശ്ചിമബംഗാള്‍ സി.ഐ.ഡി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുഖ്യപ്രതിയായ അക്തറുസ്സമാൻ മെയ് 10-ന് നഗരം വിട്ടതായി ധാക്ക മെട്രോപൊളിറ്റൻ പൊലീസിന്റെ ഡിറ്റക്റ്റീവ് ബ്രാഞ്ച് മേധാവി മുഹമ്മദ് ഹരുൺ-ഓർ-റാഷിദ് പറഞ്ഞു. ഡൽഹിയിലെത്തിയ പ്രതി കാഠ്മണ്ഡുവിലേക്കും അവിടെ നിന്ന് ദുബായിലേക്കും രക്ഷപ്പെട്ടു. പ്രതിയിപ്പോൾ യു.എസിൽ ഒളിവിലാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

TAGS :

Next Story