Quantcast

ബംഗ്ലാദേശ് വിജയ ദിവസം: സൈനികർക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി; സൈനികരെയും ഇന്ദിരയെയും ഓർത്ത് സോണിയ ഗാന്ധി

ബംഗ്ലാദേശ് സ്വാതന്ത്ര്യ പോരാട്ടത്തിലെ ഇടപെടൽ പരിഗണിച്ച് 2011 ൽ 'ബംഗ്ലാദേശ് ഫ്രീഡം ഹോണർ' രാജ്യം ഇന്ദിരഗാന്ധിക്ക് നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    16 Dec 2021 6:39 AM

Published:

16 Dec 2021 6:36 AM

ബംഗ്ലാദേശ് വിജയ ദിവസം: സൈനികർക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി; സൈനികരെയും ഇന്ദിരയെയും ഓർത്ത് സോണിയ ഗാന്ധി
X

ബംഗ്ലാദേശ് വിജയ ദിനത്തിൽ പ്രതികരണവുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ മാത്രം സ്മരിച്ചപ്പോൾ കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി സൈനികരെയും അന്നത്തെ ഇന്ത്യയെ നയിച്ച ഇന്ദിരയെയും അനുസ്മരിച്ചു. 1971 ൽ പാകിസ്താൻ സൈന്യത്തെ പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത വിജയ ദിവസത്തിന്റെ 50ാം വാർഷികത്തിലാണ് ഇരുവരുടെയും പ്രതികരണം. അന്ന് ധീരതയോടെ പോരാടിയ ഇന്ത്യൻ സൈനികരെ ഓർക്കുന്നുവെന്നും ധാക്കയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സാന്നിധ്യം ഓരോ ഇന്ത്യക്കാരന്റേതുമാണെന്നുമാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്. ഏറെ ആശങ്കകൾ നിറഞ്ഞ അന്ന് പോരാടിയ ഇന്ത്യൻ സൈനികരെയും രാഷ്ട്രീയ നേതൃത്വം നൽകി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി അനുസ്മരിച്ചു. ഇന്നലെ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയായിരുന്നു സോണിയയുടെ പ്രതികരണം.


1971 ഇന്ദിരഗാന്ധിക്ക് സുപ്രധാന വർഷമായിരുന്നുവെന്നും അവരുടെ ധൈര്യവും സ്‌ഥൈര്യവും കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ആവേശം പകരുന്നുവെന്നും മരുമകൾ കൂടിയായ സോണിയ പറഞ്ഞു. ''50 വർഷം മുമ്പ് ബംഗ്ലാദേശുകൾ നാടിന്റെ സ്വാതന്ത്ര്യത്തിനായി ഇറങ്ങിയപ്പോൾ ഇന്ത്യ അവർക്കൊപ്പം നിന്നു. പത്തു മില്യൺ അഭയാർഥികൾക്ക് വീട് നൽകി'' സോണിയ ചൂണ്ടിക്കാട്ടി.


ബംഗ്ലാദേശ് സ്വാതന്ത്ര്യ പോരാട്ടത്തിലെ ഇടപെടൽ പരിഗണിച്ച് 2011 ൽ 'ബംഗ്ലാദേശ് ഫ്രീഡം ഹോണർ' രാജ്യം ഇന്ദിരഗാന്ധിക്ക് നൽകിയിരുന്നു. 1971 ഡിസംബർ 16 ന് യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് 92,000 പാക് പട്ടാളക്കാർ കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് അന്ന് ഈസ്റ്റ് പാകിസ്താൻ എന്നറിയപ്പെട്ട പ്രദേശം ബംഗ്ലാദേശെന്ന സ്വതന്ത്ര രാജ്യമായത്.

ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് സംഭവിച്ചത്?

ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് ഇന്നേക്ക് അൻപതാണ്ട്. പാകിസ്താൻ ഭരണകൂടം കിഴക്കൻ പാകിസ്താനുമേൽ നടത്തിയ അടിച്ചമർത്തലും കടുത്ത വിവേചനവുമാണ് പ്രശ്‌നത്തിന്റെ യഥാർഥ കാതൽ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഇച്ഛാശക്തി ലോകത്താകെ വാഴ്ത്തപ്പെട്ട യുദ്ധവിജയംകൂടിയായിരുന്നു 1971ലേത്. 1947ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയും പാകിസ്താനും രണ്ടുരാജ്യങ്ങളായെങ്കിലും യഥാർഥത്തിൽ മൂന്നുഭാഗങ്ങളായാണ് വിഭജിക്കപ്പെട്ടിരുന്നത്. ഇപ്പോഴത്തെ ബംഗ്ലാദേശായ കിഴക്കൻ പാകിസ്താൻ പടിഞ്ഞാറൻ പാകിസ്താനുമായി ഭൂമിശാസ്ത്രപരമായോ സാംസ്‌കാരികമായോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഭരണത്തലപ്പത്ത് 90 ശതമാനവും പടിഞ്ഞാറുകാരായിരുന്നു. പഞ്ചാബികളും സിന്ധികളും പത്താൻകാരും കിഴക്കുള്ള ബംഗാളികളെ പൂർണമായി അവഗണിച്ചു. പടിഞ്ഞാറുകാരുടെ ഭാഷയായ ഉർദു ദേശീയ ഭാഷയായി. കിഴക്കൻ പാകിസ്താൻകാരുടെ ബംഗാളിയെ രണ്ടാം ദേശീയ ഭാഷയായി പോലും പരിഗണിച്ചില്ല. രണ്ടര പതിറ്റാണ്ടു കാലം കിഴക്കൻ പാകിസ്താൻ ഈ അവഗണന സഹിച്ചു. 1970ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കിഴക്കൻ പാകിസ്താനിലെ നേതാവ് ശൈഖ് മുജീബുറഹ്‌മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് ഭൂരിപക്ഷം നേടി. കിഴക്കുള്ളവർക്ക് അധികാരം ലഭിക്കുമെന്ന് കണ്ടതോടെ പടിഞ്ഞാറൻ പാകിസ്താനിലെ യഹ്‌യാ ഖാൻറെ സൈനിക ഭരണകൂടം അതിനെ അട്ടിമറിക്കാൻ ശ്രമം നടത്തി. ഇതോടെ കിഴക്കൻ പാകിസ്താനിൽ മുജീബുറഹ്‌മാന്റെ നേതൃത്വത്തിൽ വിമോചനപ്പോരാട്ടം ശക്തമാക്കി. ഇതിനെ അടിച്ചമർത്താൻ പാകിസ്താൻ സൈനിക നടപടികൾ ആരംഭിച്ചു. ഈ യുദ്ധത്തിലേക്ക് ഇന്ത്യയുടെ കടന്നുവരവാണ് നിർണായകമായത്. 1971 മാർച്ചിൽ ഇന്ദിരാഗാന്ധി വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പ് ജയിച്ച് വീണ്ടും അധികാരത്തിലേറിയ സമയമായിരുന്നു അത്. ഉടനെത്തന്നെ യുദ്ധത്തിൽ ഇടപെടാൻ കരസേനാ മേധാവി ജനറൽ സാം മനേക് ഷായ്ക്ക് നിർദേശം നൽകുകയായിരുന്നു ഇന്ദിര. മാർച്ച് മുതൽ നവംബർ വരെ ചെറിയ ഇടപെടലുകളാണ് ഇന്ത്യ നടത്തിയത്. വലിയ യുദ്ധത്തിലേക്കുള്ള ഒരുക്കങ്ങൾ. ഈ സമയം വിദേശ രാജ്യങ്ങൾ സന്ദർശിച്ച് ഇന്ദിരാഗാന്ധി ബംഗ്ലാദേശ് രാഷ്ട്രത്തിൻറെ പ്രസക്തി ലോകനേതാക്കളെ ബോധ്യപ്പെടുത്തി. കിഴക്കൻ പാകിസ്താനിൽ വിമോചന സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന മുക്തിബാഹിനി സേനയെ ലോകം ശ്രദ്ധിച്ചുതുടങ്ങി. അവരെ പരിശീലിപ്പിച്ചത് ഇന്ത്യൻ സൈനികരാണ്. മുൻ സോവിയറ്റ് യൂണിയൻറെ സഹായം ഇന്ദിര നേടിയെടുത്തു. അമേരിക്കയുടെ സഹായം പാകിസ്താനായിരുന്നു. ഡിസംബറിൽ ഇന്ത്യൻ വ്യോമത്താവളങ്ങളെ പാകിസ്താൻ ആക്രമിച്ചതോടെ ഇന്ത്യ അന്തിമയുദ്ധത്തിനിറങ്ങി.

ഡിസംബർ മൂന്നുമുതൽ ശക്തമായ പോരാട്ടമായിരുന്നു. ഡിസംബർ പന്ത്രണ്ടോടെ കിഴക്കൻ പാകിസ്താന്റെ തലസ്ഥാനമായ ധാക്ക ഇന്ത്യൻ സൈന്യം വളഞ്ഞു. ഇതേ സമയം പടിഞ്ഞാറൻ പാകിസ്താനിലും യുദ്ധം തുടർന്നു. കറാച്ചി തുറമുഖം ഇന്ത്യൻ നാവിക സേന തകർത്തു. ഏതുമേഖലയിലും രക്ഷയില്ലാതായതോടെ വെടിനിർത്താൻ തയ്യാറാണെന്ന് പാക്‌സൈന്യത്തിന് പറയേണ്ടിവന്നു. വെടിനിർത്തലല്ല കീഴടങ്ങൽ മാത്രമേ സമ്മതിക്കൂവെന്ന് ഇന്ത്യ നിലപാടെടുത്തു. ഒടുവിൽ 1971 ഡിസംബർ 16ന് ധാക്കയിൽ കീഴടങ്ങൽ രേഖയിൽ പാകിസ്താൻ ഒപ്പുവെച്ചു. ഇന്ത്യയുടെ യുദ്ധചരിത്രത്തിലെ ഏറ്റവും വിജയകരമായ നിമിഷമായിരുന്നു അത്. ബംഗ്ലാദേശ് എന്ന പുതിയരാജ്യത്തിന്റെ പിറവി കൂടിയാണ് അതിലൂടെ ഉണ്ടായത്. ഇപ്പോൾ അരനൂറ്റാണ്ട് പിന്നിടുമ്പോൾ ഇന്ത്യയേക്കാൾ സുസ്ഥിരമായ സാമ്പത്തിക ശക്തിയായി ബംഗ്ലാദേശ് തല ഉയർത്തി നിൽക്കുന്നതാണ് ലോകം കാണുന്നത്.

While Prime Minister Narendra Modi only remembered the soldiers who came with a response on Bangladesh's Victory Day, Congress President Sonia Gandhi also remembered Indira who led India at that time.

TAGS :

Next Story